മാമാങ്കത്തെ തകര്‍ക്കാന്‍ മുന്‍ സംവിധായകന്‍ ശ്രമിക്കുന്നു; ഡിഐജിക്ക് പരാതി

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ് കുമാര്‍ ഗുരുദീന് പരാതി നല്‍കിയത്
മാമാങ്കത്തെ തകര്‍ക്കാന്‍ മുന്‍ സംവിധായകന്‍ ശ്രമിക്കുന്നു; ഡിഐജിക്ക് പരാതി

മമ്മൂട്ടി ചിത്രമായ മാമാങ്കത്തെ തകര്‍ക്കാന്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ള ശ്രമിക്കുന്നുവെന്ന് പരാതി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ് കുമാര്‍ ഗുരുദീന് പരാതി നല്‍കിയത്.

ഡിസംബറില്‍ റിലീസ് നിശ്ചയിച്ച മമ്മൂട്ടി ചിത്രമായ മാമാങ്കം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. മാമാങ്കത്തിന്റെ മുന്‍ സംവിധായകന്‍ സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. സജീവ് പിള്ളയുടെ മോശം സംവിധാനത്തെ തുടര്‍ന്ന് പതിമൂന്ന് കോടിയില്‍പരം രൂപയുടെ നഷ്ടം ഉണ്ടായാതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പിന്നീട് 21.75ലക്ഷം രൂപ നല്‍കി സജീവിനെ ചിത്രത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനുശേഷം സിനിമയെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ അടക്കം സജീവും മറ്റു ചിലരും ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് പരാതി. ഇതിന് ആധാരമായ തെളിവുകളും പരാതിക്കാരന്‍ ഡിഐജിക്ക് കൈമാറി.

മമ്മൂട്ടി നായകനായി അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.  എം. പത്മകുമാര്‍ ആണ് സംവിധാനം. തിരുനാവായ മണപ്പുറത്ത് സാമൂതിരിയുടെ പടയാളികളും വള്ളുവക്കോനാതിരിയുടെ ചാവേറുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. കേരളത്തില്‍ നാന്നൂറ് തീയേറ്ററുകളിലാണ് പടം റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com