മാണിസാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പേരിലൊരു സിനിമ ഇറങ്ങില്ലായിരുന്നു: ഭദ്രന്‍

കെഎം മാണിയെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ സ്ഫടികം എന്ന പേരിലൊരു സിനിമ ഉണ്ടാകില്ലായിരുന്നു എന്നാണ് ഭദ്രന്‍ പറയുന്നത്.
മാണിസാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പേരിലൊരു സിനിമ ഇറങ്ങില്ലായിരുന്നു: ഭദ്രന്‍

കെഎം മാണിയുടെ വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ച് ആയിരങ്ങളാണ് നേരിട്ടും അല്ലാതെയും എത്തുന്നത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്ക് കാരണം സംസ്‌കാര ചടങ്ങുകള്‍ വരെ വൈകുകയായിരുന്നു. ഈ അവസരത്തില്‍ കെഎം മാണിയെ സ്മരിച്ച് കൊണ്ട് സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ദു:ഖവെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ ഈ പൊരിവെയിലത്തും പൂക്കളുമായി ജനങ്ങള്‍ കാത്തുനിന്നത് മാണിസാറിന്റെ ആര്‍ഭാടമായ ജനസമ്മിതി കൊണ്ടു മാത്രമാണെന്ന് ഭദ്രന്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ 'എം' ആയിരുന്നു മാണി സാര്‍. മിത്രങ്ങളോടും ശത്രുക്കളോടും എങ്ങനെ പെരുമാറണമെന്ന് മാണി സാറിന്റെ രാഷ്ട്രീയ ജീവിതം കണ്ടു പഠിക്കണമെന്നും ഭദ്രന്‍ പറയുന്നു.

കെഎം മാണിയെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ സ്ഫടികം എന്ന പേരിലൊരു സിനിമ ഉണ്ടാകില്ലായിരുന്നു എന്നാണ് ഭദ്രന്‍ പറയുന്നത്. 'ആടുതോമ' എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്റെ ഇഷ്ടം മറുവശത്ത്. സിനിമയുടെ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഈ ആശയക്കുഴപ്പം അവതരിപ്പിച്ചു'- ഭദ്രന്‍ പറയുന്നു.

'ഈ വാക്കൊക്കെ എവിടെപ്പോയി കിടക്കുവാരുന്നു ഭദ്രന്‍?'' എന്നായിരുന്നു കെഎം മാണിയുടെ ആദ്യ പ്രതികരണമെന്ന് ഭദ്രന്‍ ഓര്‍ക്കുന്നു. അതോടെ സിനിമയുടെ കഥ ഭദ്രന്‍ പറയുകയും കഥയ്ക്കു യോജിക്കുന്ന പേര് സ്ഫടികം എന്നാണെന്ന് കെഎം മാണി ഉറപ്പിച്ചു പറയുകയുമായിരുന്നെന്ന് ഭദ്രന്‍ ഓര്‍മ്മിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com