വഴിതെറ്റിയെന്ന് അനീഷ്, ഈ പ്രായത്തിലോ എന്ന് മോഹന്‍ലാല്‍; കിളിപോയ ദിവസത്തെക്കുറിച്ച് സംവിധായകന്‍

കടുത്ത ബ്ലോക്കും പൊരിഞ്ഞമഴയും കാരണം മോഹന്‍ലാലിന്റെ വീട്ടിലെത്താന്‍ അനീഷ് വൈകി
വഴിതെറ്റിയെന്ന് അനീഷ്, ഈ പ്രായത്തിലോ എന്ന് മോഹന്‍ലാല്‍; കിളിപോയ ദിവസത്തെക്കുറിച്ച് സംവിധായകന്‍

മോഹന്‍ലാലിന്റെ അഭിമുഖമെടുക്കാന്‍ പോയി കിളി പോയതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ അനീഷ് ഉപാസന. ഒരു സ്വകാര്യ റെഡിയോയ്ക്ക് വേണ്ടി അഭിമുഖം എടുക്കാനാണ് അനീഷ് പോയത്. എന്നാല്‍ കടുത്ത ബ്ലോക്കും പൊരിഞ്ഞമഴയും കാരണം മോഹന്‍ലാലിന്റെ വീട്ടിലെത്താന്‍ അനീഷ് വൈകി. തനിക്ക് വഴിതെറ്റിയെന്ന് പറഞ്ഞപ്പോള്‍ ലാല്‍സാറിന്റെ അപാര ടൈമിങ്ങിലെ കൗണ്ടര്‍ കേട്ട് തന്റെ ആദ്യത്തെ കിളി പോയെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാളായിരുന്നു അന്ന്. ഷൂട്ട് കഴിഞ്ഞ് മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. 

അനീഷ് ഉപാസനയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

''രണ്ട്‌ കിളികൾ ഒന്നിച്ചുപോയ ദിവസം... !!
RED FM നു വേണ്ടിയായിരുന്നു ഇന്ന് ഞാൻ ലാൽസാറിന്റെ വീട്ടിലെത്തിയത്...  അമ്മയുടെ പിറന്നാൾ ദിവസമായിരുന്നിട്ടു പോലും ലാൽസാർ RED FM നു ഷൂട്ട്‌ ചെയ്യാനുള്ള സമയം മാറ്റിവെച്ചിരുന്നു... കാലത്ത് പ്ലാൻ ചെയ്ത ഷൂട്ട്‌ ചില അസൗകര്യങ്ങൾ കാരണം ഉച്ചയ്ക്ക് 12 മണിയിലേക്കു മാറ്റിയിരുന്നു... ഒരു 11.30 ആയപ്പോൾ ഞാൻ കലൂരിൽ നിന്നും ഇളമക്കരയിലേക്കു പുറപ്പെട്ടു.. (അടുത്തായതുകൊണ്ടു) എന്റെ കഷ്ടകാലത്തിനു ലാൽസാർ 11.30ക്ക് തന്നേ റെഡി ആയി..!!
അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ഞാൻ കാണുന്നത്.. റോഡിനു കുറുകെ ഒരു വണ്ടി അനങ്ങാതെ കിടക്കുന്നു.. ഒടുക്കത്തെ ബ്ലോക്കും പൊരിഞ്ഞമഴയും.. ! 

കാറുകൾ പലവഴിക്ക് തിരിഞ്ഞു പോകുന്നു...ഞാനും ഒരു വഴിക്കു വണ്ടി തിരിച്ചു... അതെന്റെ പെരുവഴിയായിരുന്നെന്നു ഞാൻ മനസിലാക്കിയില്ല... സമയം പോവാൻ തുടങ്ങി...  എന്റെ സഹപ്രവർത്തകർ എന്നേ വിളിച്ചുകൊണ്ടേയിരിക്കുന്നു...  വേഗം വാ ചേട്ടാ... ലാൽസാർ റെഡി ആയി പുറത്തിറങ്ങി നിൽക്കുന്നുണ്ട്.. ഞങ്ങളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ട്...അനീഷ് എത്തിയില്ലേ എന്നും ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്...കൂടെ റെഡ് fm ലെ പാർവതിയുടെ കോളുകളും....

കണ്ണിലെല്ലാം ഇരുട്ട് കയറുന്നു.. ദേഷ്യംവരുന്നു.. വഴികൾ വീണ്ടും വീണ്ടും തെറ്റിക്കൊണ്ടേയിരിക്കുന്നു.. ഒരു പാട് കറങ്ങി ഞാൻ.. ഒരു ഹമ്പും ഒഴിവാക്കിയില്ല... പലവഴികളും എന്റെ മുന്നിൽ തീരുന്നു.. എന്റെ പോക്ക് കണ്ടു ആളുകൾ എന്നേ കട്ട തെറിവിളിക്കുന്നത് എനിക്ക് ഗ്ലാസ്സിലൂടെ കാണാമായിരുന്നു... 
എത്ര വേഗതയിൽ ഓടിച്ചിട്ടും ഏകദേശം 20 മിനിറ്റെടുത്തു ഞാൻ ലാൽസാറിന്റെ വീട്ടിലെത്താൻ...വീടിന്റെ മുറ്റം നിറയെ പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികളുടെ വാഹനങ്ങൾ.... ഞാൻ കാറ് നിർത്തി ചാടി ഇറങ്ങി... മുണ്ട് ജുബ്ബയും ഇട്ടു എന്നെയും നോക്കി മുന്നിൽ തന്നേ നിൽക്കുന്ന ലാൽസാർ ഒരു വശത്ത്.. പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ലാൽസാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റൊരുവശത്തു...

ഞാൻ ഓടി ചെന്ന് : സാർ എനിക്ക് വഴിതെറ്റിപോയി..ലാൽസാർ : ഈ പ്രായത്തിലോ....??(സ്വതസിദ്ധമായ ചിരിയുണ്ടായിരുന്നു ആ പറച്ചിലിൽ..)
അപ്പൊ തന്നേ എന്റെ ആദ്യത്തെ കിളി പോയി...! കാരണം അപാര ടൈമിംഗ് ആയിരുന്നു ആ കൗണ്ടറിനു..എല്ലാവർക്കും ചിരിപൊട്ടി.. കൂടെ ലാൽസാർ എന്നേ സമാധാനപ്പെടുത്തുകയും പെട്ടെന്ന് തന്നേ ഞാൻ ഷൂട്ട്‌ തീർക്കുകയും ചെയ്തു.. ഷൂട്ടിന് ശേഷം ലാൽസാർ : "അനീഷേ അമ്മയുടെ പിറന്നാളാണ് സദ്യ കഴിച്ചിട്ട് പോയാൽമതി ".......ഇത് കൂടി പറഞ്ഞപ്പോൾ എന്റെ രണ്ടാമത്തെ കിളിയും കൂടി പോയി..

ലാൽസാറിന്റെ കൂടെ ഭക്ഷണം കഴിക്കാനായി ഞങ്ങളിരുന്നപ്പോൾ കൂടെയുള്ള നിഖിലും ഹിമലും ചോദിച്ചു..ശെരിക്കും ഇവിടെ എന്താ ചേട്ടാ നടക്കണതെന്നു...!! എന്നേപ്പോലെ തന്നേ കൂടെവന്ന എല്ലാവർക്കും ഇതൊക്കെ ഒരത്ഭുതമായിരുന്നു...  അങ്ങനെ ലാൽസാർ സുചിത്രമാം പ്രണവ് വിസ്മയ 
ലാൽസാറിന്റെ അമ്മ ആന്റണിച്ചേട്ടൻ അനിലേട്ടൻ ബന്ധുക്കൾ സഹപ്രവർത്തകർ സുഹൃത്തുക്കൾ എല്ലാവരുടെയും ഒപ്പമിരുന്നു ഞാൻ സദ്യയും കഴിച്ചു..

അങ്ങനെ പോയകിളികൾ എല്ലാം ഞാൻ തിരിച്ചു പിടിച്ചു.. മനസിലെന്നും ഓർത്തുവെയ്ക്കാൻ പറ്റിയ വിരുന്നൊരുക്കിയ ലാൽസാറിനു ഒരായിരം നന്ദി....

കൂടെ ലാൽസാറിന്റെ അമ്മയ്ക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകളും... 

ചങ്കാണ് ലാൽസാർ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com