സുരക്ഷിതരാണ്, സ്‌നേഹത്തിനും കരുതലിനും നന്ദി; സന്തോഷത്തോടെ മഞ്ജു (വിഡിയോ)

സുരക്ഷിതരാണ്, സ്‌നേഹത്തിനും കരുതലിനും നന്ദി; സന്തോഷത്തോടെ മഞ്ജു (വിഡിയോ)

സിനിമയുടെ മുഴുവന്‍ ടീമും താനും സുരക്ഷിതരായി രാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയ വിവരമാണ് സന്തോഷത്തോടെ മഞ്ജു അറിയിച്ചത്

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കിയെന്ന ആശ്വാസ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ തങ്ങള്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു.  പ്രാര്‍ഥിച്ചവര്‍ക്കും കരുതല്‍ നല്‍കിയവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് മഞ്ജു രംഗത്തെത്തിയിരിക്കുന്നത്. 

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ മുഴുവന്‍ ടീമും താനും സുരക്ഷിതരായി രാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയ വിവരമാണ് സന്തോഷത്തോടെ മഞ്ജു അറിയിച്ചത്. "മണ്ണിടിച്ചിലും മഞ്ഞ് വീഴ്ചയും മൂലം ആറ് ദിവസത്തോളം ഹിമാചലിലെ ഛത്രുവില്‍ കുടുങ്ങിയ ശേഷം ഞങ്ങളിപ്പോള്‍ പൂര്‍ണമായും സുരക്ഷിതരാണ്... രക്ഷാപ്രവര്‍ത്തനം ഉത്തരവാദിത്തത്തോടെയും വേഗത്തിലും നടപ്പിലാക്കിയ വലിയ മനസ്സുകളോട് നന്ദി പറയുന്നു.. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും ഓരോരുത്തരോടും നന്ദി പറയുന്നു..." മഞ്ജു കുറിച്ചു.

ഞെട്ടലോടെയാണ് കേരളത്തിലെ പ്രളയവാര്‍ത്ത അറിഞ്ഞതെന്നും നമ്മളെല്ലാവരും കഴിഞ്ഞവര്‍ഷത്തേപ്പോലെ ഒന്നിച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഞ്ജു കുറിച്ചു.

മഞ്ജുവടക്കം മുപ്പത് പേരാണ് ക്രൂവിലുണ്ടായിരുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയായി ഇവര്‍ ഹിമാചല്‍ പ്രദേശിലുണ്ടായിരുന്നു. നാല് ദിവസം മുന്‍പാണ് ഹിമാചലിലെ ഛത്രു എന്ന ഗ്രാമത്തിലേക്ക് സംഘം യാത്ര തിരിച്ചത്. ഛത്രുവിലേക്കുള്ള യാത്രയുടെ ഒരു വിഡിയോയും മഞ്ജു പങ്കുവച്ചു. 

ഷിംലയില്‍ നിന്ന് 330 കിലോമീറ്റര്‍ ദൂരത്താണ് ഛത്രു എന്ന ഗ്രാമം. ഇവരെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് പ്രദേശത്ത് മഴ ശക്തിപ്പെട്ടു. തുടര്‍ന്ന് ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഛത്രുവിലേക്കുള്ള വഴി തടസ്സപ്പെട്ടു. ഇവിടേക്കുള്ള ആശയവിനിമയോപാധികളെല്ലാം തകരാറിലായി. ഒടുവില്‍ ഒരു സാറ്റലൈറ്റ് ഫോണിലൂടെയാണ് മഞ്ജു വാര്യര്‍ സഹോദരനുമായി ബന്ധപ്പെടുന്നത്. അടിയന്തരമായി എന്തെങ്കിലും സഹായമെത്തിക്കാനാകുമോ എന്നറിയാനായിരുന്നു ഫോണ്‍ കോള്‍. സാധാരണ ഫോണുള്‍പ്പടെയുള്ള എല്ലാ വിനിമയസംവിധാനങ്ങളും തടസ്സപ്പെട്ട നിലയിലായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ പ്രശ്‌നത്തിലിടപെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com