മധ്യസ്ഥനായി സിദ്ധിഖ്, നിലപാടില്‍ അയഞ്ഞ് ഷെയ്ന്‍ നിഗം, നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്

വിഷയവുമായി ബന്ധപ്പെട്ട് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും
മധ്യസ്ഥനായി സിദ്ധിഖ്, നിലപാടില്‍ അയഞ്ഞ് ഷെയ്ന്‍ നിഗം, നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്

കൊച്ചി : യുവനടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നു. ഷെയ്ന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടിക്കാഴ്ച നടത്തി. അമ്മ ഭാരവാഹിയായ നടന്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. മുടങ്ങയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം ഷെയ്ന്‍ വിശദമായി അവതരിപ്പിച്ചു.

അതേസമയം ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്‌നിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷമാകും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക.

നേരത്തെ ചെയ്തത് പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാന്‍ ഷെയ്ന്‍ നിഗം പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com