പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്‌തെന്ന് ആരോപണം; നടന്‍ ടിനി ടോമിനെതിരേ പരാതിയുമായി ബിജെപി നേതാവ്

രാജ്യത്ത് കലാപവും അക്രമവും നടത്താന്‍ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ ടിനി ടോമിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു
പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്‌തെന്ന് ആരോപണം; നടന്‍ ടിനി ടോമിനെതിരേ പരാതിയുമായി ബിജെപി നേതാവ്

കൊച്ചി; പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരേയുള്ള നടന്‍ ടിനി ടോമിന്റെ പ്രതികരണം വിവാദമാകുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്‌റ്റെന്നാണ് ആരോപണം. ഇപ്പോള്‍ താരത്തിനെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി നേതാവ്. 

പ്രധാനമന്ത്രിയെ വധിക്കണമെന്ന് താരം തന്റെ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കരിയാടാണു പരാതി നല്‍കിയത്. പൗരത്വ ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും നിലപാട് സ്വീകരിക്കാന്‍ ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ രാജ്യത്ത് കലാപവും അക്രമവും നടത്താന്‍ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ ടിനി ടോമിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ടിനി ടോം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകള്‍ ആക്രമിച്ച് കൊന്ന കഥയായിരുന്നു ചിത്രത്തില്‍ പറഞ്ഞത്. വിമര്‍ശനം രൂക്ഷമായതോടെ ക്ഷമ ചോദിച്ചുകൊണ്ട് ടിനി രംഗത്തെത്തി. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് ടിനി ടോം പറയുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധവുമായി ചേര്‍ത്ത് താന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കാര്യത്തെ കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നും എന്നാല്‍ താന്‍ അതല്ല ഉദ്ദേശിച്ചതെന്നുമാണ് ടിനിയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com