'കലഹിച്ച ശേഷം ഒന്നും സംഭവിക്കാത്തപോലെ വന്ന് ഹഗ് ചെയ്യും, അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു' കുറിപ്പ്

ജേജിയുടെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ചിരിക്കുകയാണ്
'കലഹിച്ച ശേഷം ഒന്നും സംഭവിക്കാത്തപോലെ വന്ന് ഹഗ് ചെയ്യും, അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു' കുറിപ്പ്

ഴിഞ്ഞ ദിവസമാണ് ഗായികയും ടെലിവിഷന്‍ അവതാരകയുമായ ജേജി ജോണിനെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജേജിയുടെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ചിരിക്കുകയാണ്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇപ്പോള്‍ ജേജിയെക്കുറിച്ച് അവതാരകന്‍ സന്തോഷ് പാലി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ജേജിയുമായി ഒന്നിച്ചു പ്രവര്‍ത്തിപ്പിച്ചപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 

അവരുമായി പല തവണ കലഹിച്ചിട്ടുണ്ടെന്നും എന്നാല്‍ പാക്കപ്പ് വിളിക്കും മുന്‍പ് ഒന്നും സംഭവിക്കാത്തവിധം ഹഗ് ചെയ്ത് അവസാനിപ്പിക്കുമായിരുന്നു എന്നുമാണ് സന്തോഷ് പറയുന്നത്. അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ആ അസ്വസ്ഥതകള്‍അവരുടെ കലഹങ്ങള്‍ക്കു കാരണവുമായി തീര്‍ന്നിരുന്നെന്നുമാണ് അദ്ദേഹം കുറിക്കുന്നത്. 

സന്തോഷ് പാലിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കലഹിച്ചിട്ടുണ്ട്...പല തവണ.. ഷൂട്ടിംഗ് ഫ്‌ലോറില്‍ വെച്ച്. അക്കൂട്ടത്തില്‍ അവര്‍ കലഹിക്കാത്ത ആരെങ്കിലുമുണ്ടോ സംശയമായിരുന്നു. പക്ഷെ പാക്ക് അപ്പ് വിളിക്കും മുന്‍പ് ഒന്നും സംഭവിക്കാത്ത വിധം വന്നു ഹഗ് ചെയ്യും. എന്നിട്ടു ചോദിക്കും ഇനി എന്നെ വിളിക്കില്ലായിരിക്കും അല്ലെ എന്ന്!

പിന്നെയും വിളിച്ചു പല തവണ. റോസ് ബൗള്‍ എന്ന കേബിള്‍ ടെലിവിഷനിലെ കുക്കറി ഷോയില്‍ നിന്നും സാറ്റലൈറ്റ് ചാനലിന്റെ റിയാലിറ്റി ഷോ ലോകത്തേക്ക് ഞാന്‍ ക്ഷണിക്കുമ്പോള്‍ ചാനലില്‍ തന്നെ മുറുമുറുപ്പുകളുണ്ടായിരുന്നു.

അന്ന് അവരുടെ അല്പവസ്ത്രങ്ങളുടെ പേരിലുള്ള അസ്വസ്ഥതകള്‍ പലരും പ്രകടമാക്കിയിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ ജേജി നിവര്‍ന്നു നിന്നു. തുളച്ചു പറിയ്ക്കുന്ന ചില തുറിച്ചു നോട്ടങ്ങളെ നല്ല മുട്ടന്‍ ഓസ്‌ഫോര്‍ഡ് തെറി പറഞ്ഞു മടക്കി അയച്ചു.
ആ വിമര്‍ശകര്‍ തന്നെകാണാനായി തന്നെ ഇരിക്കുന്നവരാണെന്നു വിശ്വസിച്ചു. സാമാന്യ പ്രേക്ഷകന് ദഹിക്കാത്ത തന്റേടവും താന്‍പോരിമയും ഒരലങ്കാരമായിത്തന്നെ കൊണ്ട് നടന്നു. മാദകത്വത്തിന്റെ ശരീരഭാഷയും പറക്കുന്ന ചുംബനങ്ങളും നല്‍കുന്ന ആദ്യ വിധികര്‍ത്താവിനെ കണ്ടു നര്‍ത്തകര്‍ക്കും ആവേശം.

ലിഖിതമായ വിധിപ്രസ്താവങ്ങളെ ജേജി കണ്ണിറുക്കി പ്രതിരോധിച്ചു.

ഒരു ഷെഡ്യൂളിന്റെ പാക്ക് അപ്പിന് മുന്നോടിയായി ലാസ്റ്റ് പെര്‍ഫോമന്‍സ് കഴിഞ്ഞ നേരം .
നര്‍ത്തന മികവിനേക്കാള്‍ താരതമ്യേന മോശമായി പെര്‍ഫോം ചെയ്ത ഒരു ടീമിന് അംഗസൗന്ദര്യത്തിനു ജേജി മാര്‍ക്കിട്ടപ്പോള്‍ എനിക്ക് ചോദ്യം ചെയ്യേണ്ടി വന്നു. അന്നും കലഹിച്ചു.

ആ ചൂടിന് പറഞ്ഞതിനെ ന്യായീകരിക്കാന്‍ വേദിയില്‍ കയറി .
ഞാന്‍ ഫ്‌ലോറില്‍ നിന്നും ഇറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞു പുറകില്‍ വന്നു സോറി പറഞ്ഞു പിന്നീട് ചോദിച്ചു. ' ഇനി എന്നെ വിളിക്കത്തില്ലായിരിക്കും അല്ലെ എന്ന് ?

അതെ .. ആ ഷോ അന്നവസാനിച്ചു. പിന്നീട് ഞാന്‍ ജേജിയെ വിളിച്ചിട്ടില്ല.

എട്ടോളം വര്‍ഷങ്ങള്‍ കഴിഞ്ഞു . രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫേസ്ബുക് inbox സന്ദേശത്തില്‍ ജേജിയെ ഞാന്‍ എന്തിനാണ് ബ്ലോക്ക്‌ചെയ്തത് എന്ന് ചോദിച്ചു. ബോധപൂര്‍വം ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് മറുപടി നല്‍കി . ഓക്കേ ഇപ്പോള്‍ സമാധാനമായെന്നു മറുപടി സന്ദേശവും വന്നു.

ജേജിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?
ഞാന്‍ കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു എന്ന് തോന്നിയിരുന്നു. ആ അസ്വസ്ഥതകള്‍
അവരുടെ കലഹങ്ങള്‍ക്കു കാരണവുമായി തീര്‍ന്നിരുന്നു.
അവരുടെ സ്വകാര്യതകള്‍ക്കു മേല്‍ കണ്ണുകള്‍ പായിക്കാന്‍ മനസ്സോ സമയമോ അനുവദിക്കാതിരുന്ന ആ കാലഘട്ടത്തിലെ പ്രൊഫഷണല്‍ സൗഹൃദത്തിന് ആരോഗ്യപരമായ ഒരകലം പാലിച്ചു ഞാനും മാറി നിന്നു.

ഒരിക്കലും ഒരു കുലസ്ത്രീയാവാന്‍ ജേജി ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലും ആ 'Haute couture '
ശരീരത്തെയോ മനസ്സിനെയോ അതിനനുവദിക്കില്ലായിരുന്നു.

'വാട്ട് ഈസ് ലൈഫ് വിത്തോട്ട് എ സ്ലൈസ് ഓഫ് മിസ്റ്ററി' ?
ആ ദുരൂഹത ഇതാ ഇന്ന് ആ മരണത്തിലും ജേജി പിന്‍തുടര്‍ന്നു.

ഏതു കലഹങ്ങളെയും വിയോജിപ്പുകളെയും നിര്‍വീര്യമാക്കുന്നതാണ് മരണം എന്ന പരമമായ സത്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com