സംവിധായകന്‍ പി.പി ഗോവിന്ദന്‍ അന്തരിച്ചു

മള്‍ബറിയും പട്ടുനൂലും എന്ന ഡോക്യുമെന്ററിക്കാണ് ദേശീയ, സംസ്ഥാന പുരസ്‌കാരം നേടിയത്
സംവിധായകന്‍ പി.പി ഗോവിന്ദന്‍ അന്തരിച്ചു

കണ്ണൂര്‍; ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ പി.പി ഗോവിന്ദന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശനിയാഴ്ച കണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി മലയാളം തമിഴ് സിനിമകളും ഡോക്യുമെന്ററികളും ഗോവിന്ദന്‍ സംവിധാനം ചെയ്തിട്ടുണ്ട്. സമന്വയം എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മരണം. തിങ്കളാഴ്ച രാവിലെ മണ്ടബൂരില്‍ സംസ്‌കാരം നടത്തും. 

മള്‍ബറിയും പട്ടുനൂലും എന്ന ഡോക്യുമെന്ററിക്കാണ് ദേശീയ, സംസ്ഥാന പുരസ്‌കാരം നേടിയത്. സരിത, സീത, സന്ധ്യാവന്ദനം, ഹൃദയങ്ങളില്‍ നീ മാത്രം എന്നീ മലയാള സിനിമകളും പാശക്കനല്‍, ഇപ്പടിക്ക് സത്യമൂര്‍ത്തി എന്നീ തമിഴ് സിനിമകളും നിരവധി സീരിയലുകളും സംവിധാനം ചെയ്തു. നാല്പതിലേറെ ഡോക്യുമെന്ററി ചിത്രങ്ങള്‍ ഒരുക്കി.

സരിത
സരിത

പ്രകൃതിസംരക്ഷണം പ്രമേയമായ സര്‍പ്പക്കാവ്, ഏഴോം തെയ്യംകെട്ട് വിവാദത്തെക്കുറിച്ചുള്ള ഊരുവിലക്ക്, സസ്യസമ്പത്തുകളെക്കുറിച്ചുള്ള വീട്ടുമുറ്റത്ത്, മഹാകവി ഉള്ളൂരിനെക്കുറിച്ചും നടന്‍ സത്യനെക്കുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ എന്നിവ ശ്രദ്ധേയമാണ്. വടക്കെ മലബാറില്‍നിന്ന് ആദ്യമായി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച സംവിധായകനാണ്. 2010ല്‍ മുംബൈ ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ചീഫ് സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.

പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരികളുടെ സംഘടനയായ ഗ്രാഫ്റ്റിയുടെ സംസ്ഥാന പ്രസിഡന്റ്, സൗത്ത് ഇന്ത്യന്‍ സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ സെക്രട്ടറി, നോര്‍ത്ത് മലബാര്‍ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഓമനയാണ് ഭാര്യ. രവി കല്യാണ്‍, നര്‍ത്തകി സരിതാ കല്യാണ്‍ എ്‌നിവര്‍ മക്കളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com