'ഹൗ ഈസ് ദ ജോഷ്'; വ്യോമസേനയെ അഭിനന്ദിച്ച് മോഹന്‍ലാല്‍

രജനീകാന്ത്, പ്രഭാസ്, രാംചരണ്‍, തമന്ന, കാജല്‍ അഗര്‍വാള്‍, എസ്എസ് രാജമൗലി തുടങ്ങി നിരവധി ചലചിത്രതാരങ്ങളും സൈന്യത്തെ പ്രശംസിച്ച് രംഗത്തെത്തി
'ഹൗ ഈസ് ദ ജോഷ്'; വ്യോമസേനയെ അഭിനന്ദിച്ച് മോഹന്‍ലാല്‍


തിരുവനന്തപുരം: പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു നടന്‍ മോഹന്‍ലാല്‍. ട്വിറ്ററില്‍ 'ഹൗ ഈസ് ദ് ജോഷ്' എന്നെഴുതിയാണു മോഹന്‍ലാല്‍ സേനയെ അഭിനന്ദിച്ചത്. ഇന്ത്യ സ്‌ട്രൈക്ക്‌ ബാക്ക്, ജയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടൊപ്പം ഹൗ ഈസ് ദ് ജോഷ് എന്ന പ്രശസ്ത വാചകമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രം 'ഉറി- ദ് സര്‍ജിക്കല്‍ സ്‌ട്രൈക്കി'ലൂടെയാണ് ഈ വാചകം തരംഗമായത്.

നടന്‍ സുരേഷ് ഗോപി രാവിലെ തന്നെ സന്തോഷവും തൃപ്തിയും പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. നാല് പാക്ക് ഭീകര ക്യാംപുകള്‍ തകര്‍ത്ത് ധീരസൈനികരുടെ ജീവത്യാഗത്തിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നു. 200- 300 ഭീകരരെ വധിച്ചു. ഹൗ ഈസ് ദ് ജോഷ്- സുരേഷ് ഗോപി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യന്‍ സേനയ്ക്കു പിന്തുണയുമായി ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമാ താരങ്ങളും പ്രതികരിച്ചു.
പാക്ക് ഭീകരക്യാംപുകള്‍ തകര്‍ത്ത് നമ്മുടെ 12 പേരും തിരിച്ചെത്തിയെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പറഞ്ഞു. ഈ നായകന്‍മാരെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. സൈനികരുടെ ശൗര്യത്തെ സല്യൂട്ട് ചെയ്യുന്നതായും കമല്‍ ട്വിറ്ററില്‍ കുറിച്ചു. വ്യോമസേനയുടെ ധീരനായകരെ സല്യൂട്ട് ചെയ്യുന്നതായി നടി കാജല്‍ അഗര്‍വാളും പറഞ്ഞു.

മിന്നലാക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഉപയോഗിച്ച വാക്കാണ് ഹൗ ഈസ് ദ് ജോഷ് എന്നത്. ഉറി സിനിമയുടെ സംവിധായകന്‍ ആദിത്യ ധര്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മകളുടെ ഭാഗമായി സിനിമയില്‍ ഈ പ്രയോഗം ചേര്‍ക്കുകയായിരുന്നു. രജനീകാന്ത്, പ്രഭാസ്, രാംചരണ്‍, തമന്ന, എസ്എസ് രാജമൗലി തുടങ്ങി നിരവധി ചലചിത്രതാരങ്ങളും സൈന്യത്തെ പ്രശംസിച്ച് രംഗത്തെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com