ദിലീപിനെയും അലന്‍സിയറെയും അവാര്‍ഡിന് പരിഗണിക്കില്ല; നിലപാടുമായി സിപിസി

ഇവരുള്‍പ്പെട്ട സിനിമകള്‍ തിരഞ്ഞെടുപ്പുകളില്‍നിന്നും ഒഴിവാക്കിയിട്ടില്ല.സാമൂഹികപാരിസ്ഥിതിക രാഷ്ട്രീയ നിലപാടുകള്‍ ഉള്ള സിനിമാ സ്‌നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മള്‍ നിലനിന്ന്‌പോന്നിട്ടുള്ളത്
ദിലീപിനെയും അലന്‍സിയറെയും അവാര്‍ഡിന് പരിഗണിക്കില്ല; നിലപാടുമായി സിപിസി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെയും 'മീ ടു' ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ അലന്‍സിയറിനെയും അവാര്‍ഡിനായി പരിഗണിക്കില്ലെന്ന് സിനിമാസ്വാദാകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്. ഇരുവര്‍ക്കുമെതിരെ സമീപകാലത്തുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 

മൂന്നാമത് സിപിസി അവാര്‍ഡിനുള്ള ഓണ്‍ലൈന്‍ വോട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെയും അലന്‍സിയറിനെയും അന്തിമപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അവാര്‍ഡിന് മുന്നോടിയായി ഗ്രൂപ്പിന്റെ നിലപാട് ഫെയ്‌സ്ബുക്കിലൂടെ അംഗങ്ങളെ അറിയിക്കുകയും ചെയ്തു. 

കുറിപ്പിന്റെ പൂര്‍ണരൂപം:

സിനിമയടക്കമുള്ള തൊഴില്‍മേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നില്‍ കുറ്റക്കാരല്ലാതാവുന്നത് അല്ലെങ്കില്‍ അവരുടെ കുറ്റങ്ങള്‍ നിസാരവല്‍ക്കരിക്കപ്പെടുന്നത് അവര്‍ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ അവര്‍ നേടിയെടുത്ത ജനപ്രിയതയും കാരണമാണ്.ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ 'സിനിമയെ സിനിമയായി മാത്രം കാണുക 'എന്ന നിലനില്പില്ലാത്ത വാദത്തില്‍ തട്ടി അവസാനിക്കുകയാണ്.പക്ഷെ കാലം എല്ലാക്കാലവും ചൂഷകര്‍ക്കൊപ്പമായിരിക്കില്ല എന്നുതന്നെയാണ് ചരിത്രം തെളിയിക്കുന്നത്.ഇതിന്റെ നിരവധി ഉദാഹരങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു .ചൂഷകരില്‍നിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്‌കാരങ്ങളുടെ രൂപത്തില്‍ ,ഒഴിവാക്കലൂകളുടെരൂപത്തില്‍ ...

ഇവയൊക്കെ ഒരു ആരംഭമാണ് .നിങ്ങളുടെ തെറ്റുകള്‍ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ ,ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണ് .മലയാളസിനിമയില്‍ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പില്‍ വന്ന ചര്‍ച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത് .ആയതിനാല്‍ കുറ്റാരോപിതരായ ദിലീപ് ,അലന്‍സിയര്‍ എന്നിവരെ സീ പി സി സിനി അവാര്‍ഡ്‌സിന്റെ അന്തിമ പോള്‍ലിസ്റ്റില്‍നിന്നും നീക്കംചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.ഇവരുള്‍പ്പെട്ട സിനിമകള്‍ തിരഞ്ഞെടുപ്പുകളില്‍നിന്നും ഒഴിവാക്കിയിട്ടില്ല.സാമൂഹികപാരിസ്ഥിതികരാഷ്ട്രീയ നിലപാടുകള്‍ ഉള്ള സിനിമാ സ്‌നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മള്‍ നിലനിന്ന്‌പോന്നിട്ടുള്ളത് .ആ നിലനില്‍പ്പിന് ഇത്തരമൊരു തീരുമാനം കൂടുതല്‍ ബലമേവുമെന്നും  CPC യുടെ വളര്‍ച്ചയിലും പുരോഗതിയിലും പ്രധാന മാര്‍ഗദര്‍ശികളായ മാന്യമെമ്പര്‍മാരുടെ പൂര്‍ണപിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com