'ബുര്‍ഖയ്ക്കുള്ളിലെ ഇരുട്ടിലൊതുങ്ങിയ പ്രതിഭകള്‍ നിരവധി'; സിനിമ ഉപേക്ഷിക്കാനുള്ള സൈറയുടെ തീരുമാനത്തെ വിമര്‍ശിച്ച് തസ്ലിമ നസ്രിന്‍

മുസ്ലീം സമുദായത്തില്‍ നിരവധി പ്രതിഭകള്‍ ബുര്‍ഖയുടെ ഇരുട്ടിലൊതുങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അവര്‍ കുറിച്ചു
'ബുര്‍ഖയ്ക്കുള്ളിലെ ഇരുട്ടിലൊതുങ്ങിയ പ്രതിഭകള്‍ നിരവധി'; സിനിമ ഉപേക്ഷിക്കാനുള്ള സൈറയുടെ തീരുമാനത്തെ വിമര്‍ശിച്ച് തസ്ലിമ നസ്രിന്‍

തപരമായ വിശ്വാസങ്ങളെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയാണെന്ന ബോളിവുഡ് നടി സൈറ വസീമിന്റെ തീരുമാനത്തിനെതിരേ എഴുത്തുകാരി തസ്ലിമ നസ്രിന്‍ രംഗത്ത്. സൈറയുടെ തീരുമാനം ബാലിശമാണെന്നാണ് തസ്ലിമ ട്വിറ്ററിലൂടെ പ്രതികരിച്ചത്. മുസ്ലീം സമുദായത്തില്‍ നിരവധി പ്രതിഭകള്‍ ബുര്‍ഖയുടെ ഇരുട്ടിലൊതുങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അവര്‍ കുറിച്ചു. 

''രോമാഞ്ചം! അല്ലാഹുവിലുള്ള വിശ്വാസം നശിപ്പിക്കപ്പെട്ടതിനാല്‍, ബോളിവുഡിലെ പ്രഗത്ഭയായ  താരം സൈറ വസീം അഭിനയം നിര്‍ത്തുന്നുവെന്ന്. എന്തൊരു ബാലിശമായ തീരുമാനം. മുസ്‌ലിം സമുദായത്തിലെ നിരവധി പ്രതിഭകള്‍ ബുര്‍ഖക്കുള്ളിലെ ഇരുട്ടിലൊതുങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്'' തസ്ലിമ ട്വിറ്ററില്‍ കുറിച്ചു. 

മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്ന് പറഞ്ഞാണ് ദേശിയ പുരസ്‌കാര ജേതാവായ സൈറ വസിം സിനിമ ഉപേക്ഷിക്കുകയാണ് എന്ന് പറഞ്ഞത്.  സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നീണ്ട കുറിപ്പില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് താരം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു. 

2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സൈറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൈറ പ്രധാന വേഷത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാറും മികച്ച വിജയമാണ് നേടിയത്. 'ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com