'ഞാന്‍ അമ്മയോട് യാചിച്ചിരുന്നു, ജീവനോടെയുള്ളപ്പോള്‍ തിരിച്ചെടുത്തിരുന്നെങ്കില്‍ അച്ഛന്‍ സമാധാനത്തോടെ മരിക്കുമായിരുന്നു';ഷമ്മി തിലകന്‍

കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം പുറത്തുവിട്ട സുവനീറില്‍ മരിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനേയും ഉള്‍പ്പെടുത്തിയതും 'അമ്മ'യിലെ മാറ്റത്തിന്റെ സൂചനയാണ്
'ഞാന്‍ അമ്മയോട് യാചിച്ചിരുന്നു, ജീവനോടെയുള്ളപ്പോള്‍ തിരിച്ചെടുത്തിരുന്നെങ്കില്‍ അച്ഛന്‍ സമാധാനത്തോടെ മരിക്കുമായിരുന്നു';ഷമ്മി തിലകന്‍

ലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് തിലകന്‍. പകരം വെക്കാനില്ലാത്ത പ്രതിഭ. എന്നാല്‍ ഈ പരിഗണനകളൊന്നും ലഭിക്കാതെയാണ് തിലകന്‍ കണ്ണടച്ചത്. എതിര്‍ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ തിലകനെ താര സംഘടനയായ അമ്മ പുറത്താക്കി. തിലകന്‍ മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ 'അമ്മ' തയാറായിട്ടില്ല. എന്നാല്‍ ഇത്തവണ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ തിലകന്‍ തങ്ങളില്‍ ഒരാളാണെന്നും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നു എന്നും പറയാന്‍ തയാറായി. തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നായിരിന്നു ഇത്. തന്റെ അച്ഛന് നീതി ലഭിക്കുന്നതുവരെ പോരാടാനുള്ള തീരുമാനത്തിലാണ് ഷമ്മി. 

കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം പുറത്തുവിട്ട സുവനീറില്‍ മരിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനേയും ഉള്‍പ്പെടുത്തിയതും 'അമ്മ'യിലെ മാറ്റത്തിന്റെ സൂചനയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന മീറ്റിങ്ങില്‍ വെച്ചാണ് അച്ഛനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് ഷമ്മി പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതിനൊപ്പം തിലകനോട് സംഘടന കാണിച്ച അനീതിയും ചര്‍ച്ചയായി. 

നടന്‍ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷമ്മി തിലകന്‍ അമ്മയിലേക്ക് തിരികെ എത്തുന്നത്.  മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും അച്ഛന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിലകനോട് അമ്മ കാണിച്ച അനീതിയില്‍ പ്രതിഷേധിച്ച് 2009 മുതല്‍ സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഷമ്മി. 2010 ലാണ് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നുള്ള അദ്ദേഹത്തിന്റെ വിമര്‍ശനവും സൂപ്പര്‍സ്റ്റാറുകളുടെ മേല്‍ക്കോയ്മ ചോദ്യം ചെയ്തതുമാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. 

തിലകന്റെ അവസാന കാലത്ത് അച്ഛനെ തിരിച്ചെടുക്കണമെന്നും അദ്ദേഹത്തോട് നീതി കാണിക്കണം എന്നും ആവശ്യപ്പെട്ട് തിലകന്റെ കുടുംബം അമ്മയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പുറത്താക്കലിന്റെ വേദനയിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അച്ഛന്‍ ജീവനോടെയിരിക്കുമ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ അമ്മയോട് യാചിച്ചിരുന്നെന്നും എന്നാല്‍ അവര്‍ അതിന് തയാറായിട്ടില്ലെന്നുമാണ് ഷമ്മി പറയുന്നത്. അച്ഛനെ തിരിച്ചെടുത്തിരുന്നെങ്കില്‍ അദ്ദേഹം സമാധാനത്തോടെ മരിക്കുമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്.

അച്ഛനെ തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അമ്മയുടെ തെറ്റ് അവര്‍ അംഗീകരിക്കുന്നതുപോലെയാകും. എന്നാല്‍ തന്റെ പോരാട്ടം ഇതില്‍ അവസാനിക്കില്ലെന്നുമാണ് ഷമ്മിയുടെ വാക്കുകള്‍. 'ബൈ ലോ അനുസരിച്ച് കാര്യങ്ങള്‍ എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്യാന്‍ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാകാന്‍ സന്തോഷമുണ്ട്. തന്റെ അഭിപ്രായം അതിലൂടെ വ്യക്തമാക്കാം. ഞാന്‍ ഇപ്പോള്‍ വളരെ പ്രതീക്ഷയിലാണ്. മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു. മോഹന്‍ലാല്‍ എന്നെ ഫോണില്‍ വിളിച്ച് അദ്ദേഹം തിരിച്ചു വന്ന ശേഷം അടുത്ത നടപടിയെടുക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്' ഷമ്മി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com