'ഉറി' ഷൂട്ടിങ് തുടങ്ങുമ്പോള്‍ പ്രധാനമന്ത്രിയുടെ റോള്‍ ചെയ്യാന്‍ ആളെ കിട്ടിയിരുന്നില്ല ; ഹൃദയത്തില്‍ നിന്നും നന്ദി പറഞ്ഞ് വിക്കി കൗശല്‍

നീണ്ട് ഭംഗിയുള്ള മുടി ചെറുതാക്കി മുറിക്കേണ്ടി വന്നു യാമിക്ക്
'ഉറി' ഷൂട്ടിങ് തുടങ്ങുമ്പോള്‍ പ്രധാനമന്ത്രിയുടെ റോള്‍ ചെയ്യാന്‍ ആളെ കിട്ടിയിരുന്നില്ല ; ഹൃദയത്തില്‍ നിന്നും നന്ദി പറഞ്ഞ് വിക്കി കൗശല്‍

പ്രധാനമന്ത്രിയുടെ റോളില്‍ അഭിനയിക്കുവാനുള്ള ആളെ കിട്ടാതെയാണ് 'ഉറി'യുടെ ഷൂട്ടിങ് ആരംഭിച്ചതെന്ന് നായകന്‍ വിക്കി കൗശല്‍. 'ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ചിത്രീകരണം ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എത്ര വേഗമാണ് ഒരു വര്‍ഷം കടന്നു പോയതെന്നും താരം ആശ്ചര്യപ്പെടുന്നുണ്ട്.

അതീവ സമ്മര്‍ദ്ദത്തിന് നടുവിലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും കൂട്ടായ്മയുടെ വിജയമായിരുന്നു ഉറി നേടിയതെന്നും വിക്കി  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് മുതല്‍ എങ്ങനെ ചെലവ് കുറച്ച് മികവ് കൂട്ടി ചിത്രം പൂര്‍ത്തിയാക്കാമെന്നത് വരെ ടെന്‍ഷനടിച്ച് ചെയ്ത കാര്യങ്ങളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

'എത്ര വേഗത്തിലാണ് ഒരു വര്‍ഷം കടന്ന് പോയത്. ഷൂട്ട് നിശ്ചയിച്ച് ഒരു ആഴ്ച മുമ്പ് ഓഫീസ് ബാല്‍ക്കണിയില്‍ ഇരുന്നാണ് ചിത്രം ചെയ്യണമോ വേണ്ടയോ എന്ന അന്തിമ ആലോചന നടത്തിയത്. കഠിനമായ ഫിസിക്കല്‍ ട്രെയിനിങാണ് ചിത്രത്തിനായി ചെയ്തത്. അത്രയും മികച്ചതാക്കണമെന്ന ആഗ്രഹം കൊണ്ട് കഠിനമായ വ്യായാമമുറകള്‍ പോലും കാര്യമാക്കിയിരുന്നില്ല. നീണ്ട് ഭംഗിയുള്ള മുടി ചെറുതാക്കി മുറിക്കേണ്ടി വന്നു യാമിക്ക്. ഉറിയുടെ ലുക്ക് പുറത്ത് പോകാതിരിക്കുന്നതിനായി മാത്രം മറ്റ് ചിത്രങ്ങള്‍ അവര്‍ ഉപേക്ഷിക്കുകയായിരുന്നു.

ഷൂട്ടിങിന്റെ ഭാഗമായി ഒരു ടീം സെര്‍ബിയയിലേക്ക് തിരിച്ചിരുന്നു. പ്രധാനമന്ത്രി ആരാണ്, സൈനിക  മേധാവിയുടെ വേഷത്തില്‍ എത്തുന്നത് ആരാണ് എന്ന് പോലും നിശ്ചയിക്കാത്ത സമയത്തായിരുന്നു അതെന്നും താരം ഓര്‍ത്തെടുക്കുന്നു. 

അത്രയേറെ പ്രതിബന്ധങ്ങള്‍ക്ക് നടുവില്‍ ഉറി എങ്ങനെയാണ് പൂര്‍ത്തിയാക്കിയതെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഉറിയെ സ്വീകരിച്ച എല്ലാവരോടും നിറഞ്ഞ നന്ദിയാണ് ഉള്ളത്. ആളുകള്‍ സിനിമ കണ്ട് കരയുകയും ചിരിക്കുകയും കയ്യടിക്കുകയും വിസിലൂതുകയും ചെയ്യുന്നത് നേരില്‍ കാണാന്‍ കഴിഞ്ഞു. രാജ്യത്തിനായി ഓരോ ദിവസവും ത്യാഗം സഹിക്കുന്ന ഇന്ത്യന്‍ സൈനികരുടെ കുടുംബങ്ങളോടും ടീം കടപ്പെട്ടിരിക്കുന്നു. ഹൃദയത്തില്‍ നിന്നും നന്ദിയെന്നും വിക്കി കൗശല്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com