ബിക്കിനി ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കിട്ടു; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി; നിയമ പോരാട്ടത്തിനൊരുങ്ങി യുവഡോക്ടര്‍

ബിക്കിനിയോ അടിയുടുപ്പുകളോ ധരിച്ച ചിത്രങ്ങള്‍ പിന്‍വലിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്‌ 
ബിക്കിനി ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കിട്ടു; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി; നിയമ പോരാട്ടത്തിനൊരുങ്ങി യുവഡോക്ടര്‍

യാങ്കൂണ്‍: ബിക്കിനിയണിഞ്ഞും മറ്റുമുള്ള ഹോട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ഡോക്ടറും മോഡലുമാണ് നാങ് മ്യൂ സാന്‍. പലപ്പോഴും ഇവരുടെ ഫോട്ടോകള്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇപ്പോള്‍ ഇതിന്റെ പേരില്‍ ഡോക്ടര്‍ ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ്. ഇതിനെതിരെ നിയമപോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ് യുവഡോക്ടര്‍. മ്യാന്മര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് മോഡല്‍ കൂടിയായ നാങ് മ്യൂ സാന്‍ എന്ന 29കാരി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ജൂണ്‍ 3നാണ് നാങ് മ്യൂ സാനിനെ ജോലിയില്‍ നിന്ന് വിലക്കിക്കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയത്. അവളുടെ വസ്ത്രധാരണ രീതി മ്യാന്മറിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബിക്കിനിയോ അടിയുടുപ്പുകളോ ധരിച്ച ചിത്രങ്ങള്‍ നാങ് സ്ഥിരമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ പിന്‍വലിക്കണമെന്ന് ജനുവരിയില്‍ നാങിനോട് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് നാങ് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കിയത്.

ജനറല്‍ പ്രാക്ടീഷനറായി അഞ്ച് വര്‍ഷം ജോലി ചെയ്തശേഷമാണ് നാങ് മോഡലിംഗ് രംഗത്തേക്കെത്തിയത്. മെഡിക്കല്‍ രംഗത്തുള്ളവര്‍ ഏതെങ്കിലും തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് നിയമമുണ്ടോ എന്നാണ് നാങിന്റെ ചോദ്യം. രോഗികളെ പരിശോധിക്കുമ്പോഴോ ആശുപത്രിയിലായിരിക്കുമ്പോഴോ താന്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ലെന്നും നാങ് പറയുന്നു. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന മെഡിക്കല്‍ കൗണ്‍സിലിന്റെയും സര്‍ക്കാരിന്റെയും നടപടി അംഗീകരിക്കാനാവില്ലെന്നാണ് നാങിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com