കല്യാണ്‍ ജ്വല്ലറിക്കെതിരേ അപവാദ പ്രചാരണം; സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ കേസ്

സ്ഥാപനത്തിന്റെ വിശ്വാസം തകര്‍ക്കാനായി വ്യാജ വാര്‍ത്തയുണ്ടാക്കി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ചു എന്നാണ് കേസ്
കല്യാണ്‍ ജ്വല്ലറിക്കെതിരേ അപവാദ പ്രചാരണം; സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ കേസ്

തൃശൂര്‍; കല്യാണ് ജ്വല്ലറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ കേസ്. സ്ഥാപനത്തിന്റെ വിശ്വാസം തകര്‍ക്കാനായി വ്യാജ വാര്‍ത്തയുണ്ടാക്കി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ചു എന്നാണ് കേസ്. ശ്രീകുമാര്‍ മേനോനെ കൂടാതെ റെഡ് പിക്‌സ് മീഡിയയിലെ മാത്യു സാമുവലിന് എതിരേയും തൃശൂര്‍ വെസ്റ്റ് പൊലീസ് കേസ് എടുത്തു. 

തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജ്വല്ലറിയാണ് വ്യാജ വാര്‍ത്തയ്‌ക്കെതിരേ രംഗത്തെത്തിയത്. അടുത്ത നീരവ് മോദി കല്യാണ്‍ ജ്വല്ലറി ആയിരിക്കുമെന്നും എസ്ബിഐയില്‍ നിന്ന് 10,000 കോടി ലോണ്‍ എടുക്കാന്‍ കല്യാണ്‍ ഒരുങ്ങുന്നുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വാര്‍ത്തയില്‍ പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം, വിശ്വാസം തകര്‍ക്കാന്‍ വ്യാജ തെളിവുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 

എന്നാല്‍ തനിക്കെതിരേ കേസ് എടുത്തതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും  വന്നിട്ടില്ല എന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. കൂടാതെ വ്യാജ വാര്‍ത്തയുമായി തനിക്ക് പങ്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പുറത്തുവന്ന വ്യാജ വാര്‍ത്തയുമായി എനിക്ക് പങ്കില്ല. ഇതേക്കുറിച്ച് ഞാന്‍ അറിഞ്ഞതു തന്നെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയിപ്പ് വരികയാണെങ്കിലും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കല്യാണിന്റെ പരസ്യങ്ങള്‍ ചെയ്തിരുന്നത് ശ്രീകുമാര്‍ മേനോനാണ്. വിശ്വാസം അതല്ലേ എല്ലാം എന്ന പ്രമുഖമായ ടാഗ് ലൈനും ശ്രീകുമാര്‍ മേനോന്റേതാണ്. തെഹല്‍ക്ക മാഗസിനിന്റെ മുന്‍ എഡിറ്ററായിരുന്നു മാത്യു സാമുവല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com