'ഉണ്ട'യുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശം?: കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി

പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
'ഉണ്ട'യുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശം?: കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മമ്മൂട്ടിച്ചിത്രം 'ഉണ്ട' സിനിമയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശമുണ്ടായിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരേ അന്വേഷണം നടത്തണം. അന്വേഷണവും വനഭൂമി പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 'ഉണ്ട' സിനിമയുടെ ചിത്രീകരണത്തിനായി കാസര്‍കോട് കാറഡുക്ക വനഭൂമിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി നിഷേധിച്ചു. നിയമാനുസൃതം അനുമതിവാങ്ങിയാണ് ചിത്രീകരണം. അതിനാല്‍ ചിത്രീകരണം അനധികൃതമാണെന്ന് പറയാനാകില്ല. മാത്രമല്ല സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കണം. ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ കേന്ദ്രം നടപടിയെടുക്കണം. നിര്‍മാതാക്കളായ മൂവീസ് മില്‍ പ്രൊഡക്ഷനില്‍ നിന്ന് ചെലവീടാക്കണം. ഗ്രാവല്‍ നീക്കം ചെയ്യുമ്പോള്‍ പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ഉണ്ടയുടെ ചിത്രീകരണത്തിനു വേണ്ടി വനഭൂമി അനുവദിച്ചത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. വീഴ്ച സംഭവിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വനഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഇടപെടലുണ്ടായത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് കോടതി ആരോപണങ്ങള്‍ വിലയിരുത്തിയത്.

ഹര്‍ഷദിന്റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ നിരവധിയാളുകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പൊലീസുകാരുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com