'കാരവാനില്‍ അല്ല, അദ്ദേഹം അഭിനയിക്കുന്നത് നേരിട്ട് കണ്ട് പഠിക്കണം'; മോഹന്‍ലാലിന്റെ അഭിനയം കാണാന്‍ മക്കള്‍ സെല്‍വന്‍ മരക്കാര്‍ ലൊക്കേഷനില്‍

വൈകിട്ട് അദ്ദേഹം സെറ്റില്‍ വന്നു. കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്. നേരിട്ടും പ്രിയദര്‍ശന്‍ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും അദ്ദേഹം വീക്ഷിച്ചു
'കാരവാനില്‍ അല്ല, അദ്ദേഹം അഭിനയിക്കുന്നത് നേരിട്ട് കണ്ട് പഠിക്കണം'; മോഹന്‍ലാലിന്റെ അഭിനയം കാണാന്‍ മക്കള്‍ സെല്‍വന്‍ മരക്കാര്‍ ലൊക്കേഷനില്‍


ലയാളികളുടെ സ്വകാര്യ അഹങ്കാരമായിട്ടാണ് മോഹന്‍ലാലിനെ ആരാധകര്‍ കാണുന്നത്. പ്രേക്ഷകര്‍ക്ക് മാത്രമല്ല സഹതാരങ്ങള്‍ക്കും മോഹന്‍ലാല്‍ വിസ്മയമാണ്. മോഹന്‍ലാലിന്റെ അഭിനയം നേരില്‍ കണ്ട് പഠിക്കാന്‍ കുഞ്ഞാലിമരക്കാരിന്റെ സൈറ്റില്‍ എത്തിയിരിക്കുകയാണ് ഒരു തമിഴ് താരം. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ വിജയ് സേതുപതിയാണ് മോഹന്‍ലാലിന്റെ അഭിനയം കാണാന്‍ എത്തിയത്. 

കുഞ്ഞാലിമനക്കാരുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കലാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് മരക്കാര്‍ ഷൂട്ട് ചെയ്യുന്നത്. വിജയ് സേതുപതിയുടെ ഒരു ചിത്രവും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ രാമോജിയില്‍ ഉണ്ടെന്ന് അറിഞ്ഞ വിജയ് സേതുപതി മോഹന്‍ലാലിന്റെ അഭിനയം നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിജയ് സേതുപതിയുടെ പെരുമാറ്റം കണ്ട് ആദരവുതോന്നിയെന്നാണ് സിദ്ദു പറയുന്നത്. മറ്റു ഭാഷകളിലെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു അഭിനേതാവ് നമ്മുടെ ഭാഷയില്‍ ഉണ്ടായി എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കുറിച്ചു. 

സിദ്ദു പനയ്ക്കലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

മക്കള്‍ സെല്‍വനോടൊപ്പം.... ഇന്നലെ രാവിലെ രാമോജി ഫിലിം സിറ്റിയില്‍ കുഞ്ഞാലിമരക്കാര്‍ സെറ്റിനു പുറത്ത് ലാലേട്ടനെ കാത്ത് നില്‍ക്കുമ്പോള്‍, ഒരു കാര്‍ എന്നെയും കടന്നു മുന്നോട്ടു പോയി. നോക്കുമ്പോള്‍ ആ കാര്‍ റിവേഴ്‌സ് വരുന്നു. കാറില്‍ നിന്നിറങ്ങി വന്നത് ഫെറ്റ് മാസ്റ്റര്‍ അനല്‍ അരസ്സ്. അനലുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത ഒരു പടത്തിലാണ് അനല്‍ സ്വതന്ത്ര മാസ്റ്റര്‍ ആകുന്നത്. 'മത്സരം'.

അതില്‍ പീറ്റര്‍ ഹൈന്‍ ആയിരുന്നു മാസ്റ്റര്‍. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോള്‍ അസിസ്റ്റന്റ് ആയ അനലിനെ പടം ഏല്‍പ്പിച്ചു പീറ്റര്‍ മാസ്റ്റര്‍ പോയി. അനല്‍ തന്റെ ജോലി നന്നായി പൂര്‍ത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച'പുതിയമുഖം' ആണ് അനലിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോള്‍ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നന്‍ ആണ് അനല്‍.

വിജയ്‌സേതുപതിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനാണ് മാസ്റ്റര്‍ എത്തിയിരിക്കുന്നത്. മാസ്റ്റര്‍ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്‌സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോള്‍ വിജയ് പറഞ്ഞു, 'എനക്ക് ഉടനെ അവരെ പാത്തകണം സാര്‍, നാന്‍ അവരുടെ പെരിയ ഫാന്‍'. 

അതിനെന്താ നമുക്ക് പോകാം. ലാലേട്ടന്‍ ഇപ്പോള്‍ ഫ്രീ ആണ് കാരവാനില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. 'എനിക്ക് കാരവാനില്‍ അല്ല കാണേണ്ടത്, അദ്ദേഹം അഭിനയിക്കുന്നത് കാണണം. അത് കണ്ടു പഠിക്കണം'. അഭിനയത്തിന്റെ സര്‍വകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും. 

പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയാറാവില്ല. അതും തന്റെ ഭാഷയില്‍ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു നടന്‍. അതും തനിയെ എന്നോട് മാത്രമായിട്ടല്ല, ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നില്‍ക്കുമ്പോളായിരുന്നു ഇക്കാര്യം പറഞ്ഞത്. വൈകിട്ട് അദ്ദേഹം സെറ്റില്‍ വന്നു. കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്. നേരിട്ടും പ്രിയദര്‍ശന്‍ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും അദ്ദേഹം വീക്ഷിച്ചു. മറ്റു ഭാഷകളിലെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു അഭിനേതാവ് നമ്മുടെ ഭാഷയില്‍ ഉണ്ടായി എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com