'കയ്യില്‍ എപ്പോഴും പുസ്തകമുണ്ടാകും, സൂര്യന് കീഴെയുള്ള എല്ലാത്തിനെക്കുറിച്ചും അവന് അറിയാം'; പൃഥ്വിരാജിനെക്കുറിച്ച് ഇന്ദ്രജിത്ത്

ലൂസിഫര്‍ പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കൊമേഷ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്
'കയ്യില്‍ എപ്പോഴും പുസ്തകമുണ്ടാകും, സൂര്യന് കീഴെയുള്ള എല്ലാത്തിനെക്കുറിച്ചും അവന് അറിയാം'; പൃഥ്വിരാജിനെക്കുറിച്ച് ഇന്ദ്രജിത്ത്

സൂര്യന് താഴെയുള്ള എല്ലാത്തിനെക്കുറിച്ചും പൃഥ്വിരാജിന് അറിവുണ്ടെന്ന് സഹോദരനും നടനുമായ ഇന്ദ്രജിത്ത്. പൃഥ്വിരാജിന്റെ കൈയില്‍ എപ്പോഴും പുസ്തകമുണ്ടാകുമെന്നും നന്നായി വായിക്കുന്നതുകൊണ്ട് എല്ലാ വിഷയത്തെക്കുറിച്ച് അറിവുണ്ടെന്നാണ് താരം പറയുന്നത്. പൃഥ്വിരാജിന്റെ സ്വപ്‌നചിത്രമായ ലൂസിഫര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

അനിയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ താനും ഭാഗമാകണം എന്ന് പറയുമ്പോള്‍ എങ്ങനെയാണ് വേണ്ടെന്ന് പറയുക എന്നാണ് ഇന്ദ്രജിത്ത് ചോദിക്കുന്നത്. മുഴുനീള കഥാപാത്രമല്ലെങ്കിലും വളരെ പ്രധാന്യമുള്ളതാണ് തന്റെ വേഷം എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ലൂസിഫര്‍ പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കൊമേഷ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. കൂടാതെ മുരളി ഗോപിയുടെ തിരക്കഥയായതിനാല്‍ ശക്തമായ ഉള്ളടക്കവും ചിത്രത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു സിനിമ ചെയ്യണം എന്നത് പൃഥ്വിരാജിന്റെ വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു. എന്താണ് തനിക്ക് വേണ്ടതെന്ന് പൃഥ്വിരാജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. മറ്റുള്ള സംവിധായകരെപ്പോലെ തിരക്കഥ നോക്കേണ്ടി വന്നിട്ടില്ല. ഓരോ കഥാപാത്രങ്ങളുടെ പേരും അവരുടെ സംഭാഷണവും വരെ മനഃപാഠമായിരുന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നുവരെ പൃഥ്വിരാജ് പറഞ്ഞുതരും എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. തനിക്ക് പറഞ്ഞു തന്നതുപോലെ എല്ലാ നടന്മാരോടും അങ്ങനെയായിരുന്നു. ലാലേട്ടന്‍ വളരെ അധികം സഹകരിച്ചെന്നും താരം വ്യക്തമാക്കി. രാജു പറയുന്നതെല്ലാം ലാലേട്ടന്‍ വ്യക്തമായി കേള്‍ക്കുമായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു കഥാപാത്രമായി ലാലേട്ടനെ കാണുന്നത്. ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം വ്യത്യസ്തമായ അനുഭവമായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവരുടെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തങ്ങളാണ്. ഇന്ദ്രജിത്ത് പറഞ്ഞു. 

പൃഥ്വിരാജ് നന്നായി പുസ്തകം വായിക്കുന്ന ആളാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ അറിവ് സിനിമയിലും പ്രകടമായിരിക്കും എന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്. രാജു നന്നായി പുസ്തകം വായിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ടുതന്നെ സൂര്യന് കീഴെയുള്ള എന്തിനെക്കുറിച്ചും പൃഥ്വിരാജിന് അറിവുണ്ട്. ചെറുപ്പം മുതലേ രാജുവിന്റെ കൈയില്‍ എപ്പോഴും പുസ്തകം ഉണ്ടാകും. വായിക്കുക എന്നതായിരുന്നു രാജുവിന്റെ പ്രധാന ഹോബി. ഞാനും വായിക്കും പക്ഷേ അവന്റെ അത്ര ഇല്ല. കൂടുതല്‍ പഠിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് രാജു. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സംവിധാനത്തെക്കുറിച്ചും, ക്യാമറ ടെക്‌നിക്കിനെ കുറിച്ചും അറിയാന്‍ തുടങ്ങി. അങ്ങനെ നേടിയെടുത്ത അറിവെല്ലാം ആദ്യ സിനിമയില്‍ കാണാനാവും' ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com