'ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്'; മരണത്തെ കണ്ട നിമിഷത്തേക്കുറിച്ച് ജോജു

'പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല'
'ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്'; മരണത്തെ കണ്ട നിമിഷത്തേക്കുറിച്ച് ജോജു


രണത്തെ നേരില്‍ കണ്ട അനുഭവം തുറന്നു പറഞ്ഞ് നടന്‍ ജോജു വര്‍ഗീസ്. പതിനഞ്ചു വര്‍ഷം മുന്‍പ് ഒരു ഓപ്പറേഷനിടെ ഉണ്ടായ അനുഭവമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ചത്. അഞ്ചര മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടെ തന്റെ ഹൃദയം നിന്നുപോയെന്നും അപ്പോള്‍ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു തന്റെ ശരീരം ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്നത് കണ്ടു എന്നാണ് ജോജു പറയുന്നത്. ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ

'എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓര്‍മയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നില്‍ നിന്നു പുറത്തുവന്നു.നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്‌സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്‌ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.'

'പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു. അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂര്‍ണ ബോധ്യം  വന്നത്.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com