ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ദാമു നെടുമ്പള്ളി: ഒറിജിനലിനെ വെല്ലുന്ന ക്യാരക്ടര്‍ 'ട്രോള്‍' പോസ്റ്റര്‍

ഇതിന്റെ പേരില്‍ ട്രോളന്‍മാരെ അഭിനന്ദിച്ച് സുരാജ് തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.
ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ദാമു നെടുമ്പള്ളി: ഒറിജിനലിനെ വെല്ലുന്ന ക്യാരക്ടര്‍ 'ട്രോള്‍' പോസ്റ്റര്‍

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിലെത്തുമ്പോള്‍ ചിരിച്ച് മണ്ണ് കപ്പുന്ന ട്രോള്‍ പങ്കുവെച്ച് സുരാജ് വെഞ്ഞാറമ്മൂട് രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രത്തിന്റെ 26 കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ ഇരുപത്തിയാറ് ദിവസങ്ങള്‍ കൊണ്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 

27ാമത്തെ പോസ്റ്ററിലായിരുന്നു ഒരു കിടിലന്‍ ട്വിസ്റ്റ് ആരാധകര്‍ക്കായി ഒളിപ്പിച്ചു വച്ചിരുന്നത്. സംവിധായകന്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയായിരുന്നു 27മത്തെ പോസ്റ്ററില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ പോസ്റ്റര്‍ പുറത്തിറങ്ങുന്നതിന് മുന്‍പു തന്നെ മറ്റൊരു ട്രോള്‍ പോസ്റ്റ് ഇറങ്ങുകയും അത് ഇപ്പോഴും ഹിറ്റായി ഓടുകയും ചെയ്യുന്നുണ്ട്. 

സുരാജ് വെഞ്ഞാറമ്മൂടിന്റെ ഹിറ്റ് കഥാപാത്രമായ ദശമൂലം ദാമുവാണ് ലൂസിഫറില്‍ ആരാധകരെ ഞെട്ടിച്ച മറ്റൊരു കഥാപാത്രം. ലൂസിഫറില്‍ എത്തുമ്പോള്‍ ദശമൂലം ദാമു, ദാമു നെടുമ്പള്ളിയായി മാറുന്നുണ്ട്. ട്രോളന്‍മാരുടെ ഇഷ്ടകഥാപാത്രമായ ദശമൂലം ദാമുവിന്റെ 'ലൂസിഫര്‍' ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മമ്മൂട്ടിയെ നായകനായി 2009 ല്‍ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. 

ഇതിന്റെ പേരില്‍ ട്രോളന്‍മാരെ അഭിനന്ദിച്ച് സുരാജ് തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. ക്രിയേറ്റിവിറ്റി എന്ന അടിക്കുറിപ്പോടെ സുരാജ് തന്നെ ഈ ട്രോള്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. നടി രചന നാരായണന്‍ കുട്ടി, വിജയ് യേശുദാസ് തുടങ്ങി നിരവധി ആളുകളാണ് പോസ്റ്ററിന് താഴെ പ്രതികരണവുമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com