''രാജൂ നീ നവാഗത സംവിധായകനല്ലേ: ആദ്യ ഷോട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ രാജുവിനോട് ചോദിച്ചു''

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമായിരുന്നു വിവേക് ആദ്യമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
''രാജൂ നീ നവാഗത സംവിധായകനല്ലേ: ആദ്യ ഷോട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ രാജുവിനോട് ചോദിച്ചു''

ബിഗ്ബജറ്റ് ചിത്രം ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം വിവേക് ഒബേറോയി. ചിത്രം 75 ദിവസവും പിന്നിട്ട് ബോക്‌സ്ഓഫിസില്‍ വിജയം കൊയ്യുമ്പോള്‍ വിവേകും ആ സന്തോഷത്തിന്റെ ഭാഗമാവുകയാണ്. 

ലൂസിഫര്‍ കണ്ടിറങ്ങുന്നവരുടെ മനസില്‍ സ്ഥീഫന്‍ നെടുമ്പിള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ പോലെത്തന്നെ മനസില്‍  പതിയുന്ന കഥാപാത്രമാണ് ബോബിയും. 'ജീവിതത്തിലെ മികച്ചൊരു സമയമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കാന്‍ പറ്റി, ഒപ്പം ലൂസിഫര്‍ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റിന്റെ ഭാഗമാകാനും'- വിവേക് ഒബ്‌റോയി പറഞ്ഞു. 

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമായിരുന്നു വിവേക് ആദ്യമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതൊരു വലിയ നിയോഗമായി കാണുന്നു വിവേക് പറയുന്നു. 

'ലാലേട്ടന്‍, മഞ്ജു വാര്യര്‍. പൃഥ്വിരാജ് തുടങ്ങി മികച്ച അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഷൂട്ടിങ് സമയത്ത് മികച്ച പിന്തുണയാണ് ഇവരെല്ലാം എനിക്ക് നല്‍കിയത്. രാജു ശരിക്കും ഒരു വിസ്മയമാണ്. ലൂസിഫറിന്റെ സെറ്റില്‍ വച്ചാണ് രാജുവിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആദ്യ ഷോട്ട് തീര്‍ന്നപ്പോള്‍ തന്നെ ഞാന്‍ രാജുവിനോട് പറഞ്ഞു, ''രാജു നീ നവാഗത സംവിധായകനല്ല. കാരണം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായി നിനക്കറിയാം.''

ഇനിയും മലയാളം സിനിമ ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് തനിക്ക് ധാരാളം മെസേജുകള്‍ വരുന്നുണ്ടെന്നും വിവേക് പറഞ്ഞു. 'എല്ലാവരോടും സ്‌നേഹം. ഇതുവരെ ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ എന്തും സംഭവിക്കാം. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നാല് ഭാഷകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നു. നല്ല തിരക്കഥകള്‍ വന്നാല്‍ ഞാന്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും'- വിവേക് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com