സ്‌ക്രീനില്‍ ജഗതിയുടെ ചിരി വീണ്ടും തെളിഞ്ഞു; തിരിച്ചുവരവ് ആഘോഷമാക്കി മമ്മൂട്ടിയും മോഹന്‍ലാലും

ജഗതി അഭിനയിച്ച പരസ്യചിത്രത്തിന്റെ റിലീസ് ചടങ്ങിനാണ് സൂപ്പര്‍താരങ്ങള്‍ എത്തിയത്
സ്‌ക്രീനില്‍ ജഗതിയുടെ ചിരി വീണ്ടും തെളിഞ്ഞു; തിരിച്ചുവരവ് ആഘോഷമാക്കി മമ്മൂട്ടിയും മോഹന്‍ലാലും


കൊച്ചി; ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ജഗതിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കി സൂപ്പര്‍താരങ്ങള്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സാക്ഷിയാക്കിയാണ് ചിരിയുടെ തമ്പുരാന്‍ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. ജഗതി അഭിനയിച്ച പരസ്യചിത്രത്തിന്റെ റിലീസ് ചടങ്ങിനാണ് സൂപ്പര്‍താരങ്ങള്‍ എത്തിയത്. നിറഞ്ഞ കൈയടികളോടെയായിരുന്നു സദസ്സ് പരസ്യചിത്രത്തെ വരവേറ്റത്. 

കാറപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ജഗതി കഴിഞ്ഞ ഏഴ് വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അടുത്തിടെയാണ് വെള്ളിത്തിരയിലേക്ക് ജഗതി തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ പരസ്യമാണ് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ചെയ്തത്. കൂടാതെ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ്ങും നടന്നു. 

മമ്മൂട്ടിയും മോഹന്‍ലാലും ജഗതിയെക്കുറിച്ച് വാചാലരായി. പൊട്ടിച്ചിരി മാത്രമായിരുന്നില്ല എല്ലാ വികാരങ്ങളുടേയും വിളനിലമായിരുന്നു ജഗതി എന്നാണ്  മമ്മൂട്ടി പറഞ്ഞത്. അപകടത്തില്‍പ്പെട്ട് ജഗതി നിശബ്ദനായിപ്പോയത് നമുക്കെല്ലാം സങ്കടകരമായ ഒന്നായിരുന്നെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് നമ്മളെല്ലാം കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജഗതി എന്നാല്‍ എന്നും എന്റര്‍ടെയ്‌നര്‍ ആയിരുന്നെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒരുകാലത്തും മലയാളികളുടെ മനസില്‍ നിന്ന് മായില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്പിളിച്ചേട്ടന്‍ അഭിനയിച്ചിട്ട് ഏഴു വര്‍ഷം ആയെങ്കിലും എന്നും എല്ലാ ദിവസവും മലയാളികള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും താരം പറഞ്ഞു. 

ജയതിയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ വലിയ താരനിരതന്നെ ചടങ്ങിന് എത്തിയിരുന്നു. മനോജ് കെ ജയന്‍, വിനീത്, പ്രേംകുമാര്‍, സായിക്കുമാര്‍, ബിന്ദു പണിക്കര്‍, കെപിഎസി ലളിത രമേഷ് പിഷാരടി, മാമുക്കോയ, ദേവന്ഡ തുടങ്ങിയ താരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com