വൈറസ്, തൊട്ടപ്പന്‍, തമാശ, ഉണ്ട; പെരുനാളിന് തീയേറ്ററുകള്‍ നിറയ്ക്കാന്‍ ഒമ്പത് ചിത്രങ്ങള്‍

പെരുനാള്‍ റിലീസിനായി തീയേറ്ററുകളിലെത്താന്‍ കാത്തിരിക്കുന്നത് ഒമ്പത് ചിത്രങ്ങള്‍
വൈറസ്, തൊട്ടപ്പന്‍, തമാശ, ഉണ്ട; പെരുനാളിന് തീയേറ്ററുകള്‍ നിറയ്ക്കാന്‍ ഒമ്പത് ചിത്രങ്ങള്‍


പെരുനാള്‍ റിലീസിനായി തീയേറ്ററുകളിലെത്താന്‍ കാത്തിരിക്കുന്നത് ഒമ്പത് ചിത്രങ്ങള്‍. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്, മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട്, വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍ എന്നിവയാണ് പ്രതീക്ഷയുയര്‍ത്തി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍. 

വൈറസ്

നിപ്പാ വൈറസ് കാലത്തെ കേരളത്തിന്റെ അതിജീവന കഥ പറയുന്ന 'വൈറസില്‍' വലിയ താരനിരതന്നെയുണ്ട്. സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലും ആരോഗ്യമന്ത്രി കെക ശൈലജ ടീച്ചറായി രേവതിയും വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലറുകളും പോസ്റ്ററുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആസിഫ് അലി, പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ജൂണ്‍ ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. 

തൊട്ടപ്പന്‍ 

'കിസ്മത്തിന്' ശേഷം ഷാനവാസ് കെ ബാലക്കുട്ടി സംവിധാനം ചെയ്യുന്ന 'തൊട്ടപ്പന്‍' വിനായകന്‍ ശക്തമായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്. ഫ്രാന്‍സിസ് നെറോണയുടെ ഇതേപേരിലുള്ള കഥയാണ് സിനിമായിയിരിക്കുന്നത്. പിഎസ് റഫീഖാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, രഘുനാഥ് പലേരി സുനില്‍ സുഗത തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവദാസ് കടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലീല ഗിരീഷ് കുട്ടനാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജന്‍.

ഉണ്ട 

'അനുരാഗ കരിക്കിന്‍ വെള്ള'ത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ഉണ്ട' ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഒരുകൂട്ടം പൊലീസുകാരുടെ കഥയാണ് ഈ മമ്മൂട്ടി ചിത്ര പറയുന്നത്. മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും ജേക്കബ് ഗ്രിഗറിയും അര്‍ജുന്‍ അശോകനും മുഖ്യവേഷത്തിലെത്തുന്നു. 

തമാശ

ഇടവേളയ്ക്ക് ശേഷം വിനയ് ഫോര്‍ട്ട് മലയാളത്തില്‍ സജീവമാകുന്ന ചിത്രമാണ് 'തമാശ'.നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചില്‍ഡ്രന്‍സ് പാര്‍ക്ക്

റാഫി കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിച്ച് ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചില്‍ഡ്രന്‍സ് പാര്‍ക്ക'. നൂറോളം കുട്ടികള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണികൃഷണന്‍, ധ്രുവന്‍ ഹരീഷ് കണാരന്‍, ഗായത്രി സുരേഷ്, മാനസാ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍

'ബഷീറിന്റെ പ്രേമലേഖന'ത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍'. ജയറമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. എന്നാല്‍ പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൃദ്ധനായല്ല ജയറാമെത്തുന്നത്. ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹം ചെയ്യുന്ന ജയറാമിന്റെ കഥാപാത്രത്തെ തേടി ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമെത്തുന്ന ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

കക്ഷി: അമ്മിണിപിള്ള

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കക്ഷി: അമ്മിണിപിള്ള'. തലശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ആസിഫ് എത്തുന്നത്. അഹമ്മദ് സിദ്ധിഖിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സനിലേഷ് ശിവന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ്. 

ഭാരത്

സല്‍മാന്‍ ഖാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ഭാരത്'. സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അലി അബ്ബാസും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാരത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണകൊറിയന്‍ ചിത്രമായ 'ഓഡ് ടു മൈ ഫാദര്‍' എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഭാരത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടത്തിലൂടെ കൊറിയയുടെ രാഷ്ട്രീയ മാറ്റങ്ങളും പ്രധാന സംഭവങ്ങളും അവതരിപ്പിച്ച ചിത്രമായിരുന്നു 'ഓഡ് ടു മൈ ഫാദര്‍'. ഇന്ത്യന്‍ പതിപ്പില്‍ ഭാരത് എന്ന നായകന്റെ കഥയിലൂടെ ഇന്ത്യയുടെയും കഥയാണ് സംവിധായകന്‍ പറയുന്നത്. ജൂണ്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എന്‍ജികെ

സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'എന്‍ജികെ'. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ സായ് പല്ലവിയും രാഹുല്‍ പ്രീത് സിങ്ങുമാണ് നായികമാരായെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നന്ദ ഗോപാല്‍ കുമരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് സൂര്യ ചിത്രത്തിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com