'ഞാന്‍ ഒരു മേസ്തിരിയാണ്, ആ പണി ചെയ്ത പൈസ മതി എനിക്ക് ജീവിക്കാന്‍'; പെരുമാറിയത് പട്ടിയോടെന്നപോലെയെന്ന് ബിനീഷ് ബാസ്റ്റിന്‍

'ഞാന്‍ തറയില്‍ നിന്നു വന്ന ആളാണ് അപ്പോള്‍ തറയില്‍ അല്ലേ ഇരിക്കാന്‍ പറ്റൂ'
'ഞാന്‍ ഒരു മേസ്തിരിയാണ്, ആ പണി ചെയ്ത പൈസ മതി എനിക്ക് ജീവിക്കാന്‍'; പെരുമാറിയത് പട്ടിയോടെന്നപോലെയെന്ന് ബിനീഷ് ബാസ്റ്റിന്‍

ന്നോടൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്ന സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിന് കാരണം വ്യക്തമാക്കണമെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍. പ്രിന്‍സിപ്പള്‍ അടക്കമുള്ളവരാണ് തന്നെ കോളജിലേക്ക് വിളിച്ചത്. എന്നാല്‍ പട്ടിയെ പോലെയാണ് തന്നോട് പെരുമാറിയത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ ടൈല്‍സിന്റെ പണിക്കു പോകുമെന്നും ബിനീഷ് പറഞ്ഞു. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കൊളജില്‍ കൊളജ് ഡേ പരിപാടിക്കിടയിലാണ്‌ ബിനീഷ് ബാസ്റ്റിന് അവഹേളനം നേരിടേണ്ടിവന്നത്.

ഇടുക്കിയില്‍ നിന്നാണ് ബിനീഷ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്തിയത്. സ്വന്തം കൈയില്‍ നിന്ന് പൈസകൊടുത്തു വണ്ടിയില്‍ പെട്രോള്‍ ഒഴിച്ച് ഡ്രസ്സും വാടകയ്ക്ക് എടുത്താണ് എത്തിയത്. കൊളജ് ചെയര്‍മാനും രണ്ട് വിദ്യാര്‍ത്ഥികളും തന്റെ റൂമില്‍ എത്തി അനില്‍ രാധാകൃഷ്ണന്‍ മേനോന് തന്നോടൊപ്പം വേദി പങ്കിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ മറ്റൊരു സമയത്ത് വരണം എന്നും ആവശ്യപ്പെട്ടു. ഇത് കേട്ടപ്പോള്‍ വല്ലാതെ ദുഃഖം തോന്നിയെന്നും ബിനീഷ് പറഞ്ഞു. വേദിയില്‍ കയറിയപ്പോള്‍ തന്നെ ആദ്യം തടഞ്ഞത് പ്രിന്‍സിപ്പലാണ്. ഒരു പട്ടിയോട് പെരുമാറുന്നതുപോലെയാണ് തന്നോട് പെരുമാറിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ തറയില്‍ നിന്നു വന്ന ആളാണ് അപ്പോള്‍ തറയില്‍ അല്ലേ ഇരിക്കാന്‍ പറ്റൂ. ഇതിലൂടെ സാധാരണക്കാരുടെ വിഷമം ആണ് താന്‍ പറഞ്ഞതെന്നും ബിനീഷ് പറഞ്ഞു. സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ഇതിന് ശേഷം കൊളജ് മേലധികാരികളില്‍ ഒരാള്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചെന്നും റൂമില്‍ വെയിറ്റ് ചെയ്യാനും പറഞ്ഞു. എന്നാല്‍ തന്നെ റൂമിലിട്ട് ഇടിച്ചാലോ എന്ന് പേടിയായിരുന്നു എന്നാണ് ബിനീഷ് പറഞ്ഞത്. ഈ പ്രശ്‌നം കാരണം കരിയര്‍ അവസാനിക്കുമോ എന്ന പേടി തനിക്ക് ഇല്ല. താന്‍ നല്ലൊരു മേസ്തിരിയാണ്. ആ പണി ചെയ്ത പൈസ മതി തനിക്ക് ജീവിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com