സൗന്ദര്യമത്സരവും ബോളിവുഡും കരുത്തരായവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളത്; തുറന്നുപറഞ്ഞ് ലാറ ദത്ത 

19വര്‍ഷങ്ങള്‍ക്കിപ്പുറം ലാറയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം ആര്‍ക്കും നേടാന്‍ കഴിയാത്തതിന്റെ കാരണവും ലാറ പങ്കുവച്ചു 
സൗന്ദര്യമത്സരവും ബോളിവുഡും കരുത്തരായവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളത്; തുറന്നുപറഞ്ഞ് ലാറ ദത്ത 

സൗന്ദര്യമത്സരം, ബോളിവുഡ്, മോഡലിങ് തുടങ്ങിയ രംഗങ്ങളില്‍ തിളങ്ങാന്‍ കരുത്തരായവര്‍ക്ക് മാത്രമേ സാധിക്കുകയൊള്ളു എന്ന് നടി ലാറ ദത്ത. ശക്തമായ മനസ്സിന് ഉടമകളല്ലെങ്കില്‍ സൗന്ദര്യമത്സരവേദികളിലോ ബോളിവുഡിലോ മോഡലിങ് രംഗത്തോ ശോഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് ലാറയുടെ വാക്കുകള്‍. 2020ലെ മിസ് ദിവ മത്സരാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനിടെയാണ് സൗന്ദര്യമത്സരങ്ങളെയും ബോളിവുഡിനെയും കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ ലാറ പങ്കുവച്ചത്. 

ഒരു സൗന്ദര്യമത്സരത്തിലെ വിജയിയെ വിശേഷിപ്പിക്കുന്ന രീതിയില്‍ തന്നെ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ലാറ പറയുന്നു. സ്വന്തമായി നിലപാടുള്ളവരും അത് തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്നവരുമാകണം അവരെന്നാണ് ലാറയുടെ അഭിപ്രായം. താനും ഇന്ത്യയെ പ്രതിനിധീകരിച്ച് വിശ്വസുന്ദരിപട്ടം നേടിയ പ്രിയങ്കയും (പ്രിയങ്ക ചോപ്ര) ദിയയുമൊക്കെ (ദിയ മിര്‍സ) വളരെ ചെറിയ പ്രായത്തില്‍ ഈ മേഖലയില്‍ എത്തിയവരാണെന്നും ആ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ മത്സരാര്‍ത്ഥികള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഉള്ളവരാണെന്നും താരം അഭിപ്രായപ്പെട്ടു.

"ഞങ്ങള്‍ക്ക് അന്ന് 18-19വയസ്സ് മാത്രമാണ് പ്രായം. സ്‌കൂളില്‍ നിന്ന് ഇറങ്ങിയിട്ടേ ഉണ്ടാകൂ. പക്ഷെ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. സമൂഹമാധ്യമങ്ങളുടെ സ്വാധീനം അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. ട്യൂട്ടോറിയലും ഗ്രൂമിങ് ക്ലാസിലുമൊക്കെ കഴിഞ്ഞിട്ടാണ് ഇന്ന് പലരും മത്സരങ്ങള്‍ക്കെത്തുന്നത്",ലാറ പറഞ്ഞു. 

19വര്‍ഷങ്ങള്‍ക്കിപ്പുറം ലാറയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം ആര്‍ക്കും നേടാന്‍ കഴിയാത്തതിന്റെ കാരണവും ലാറ തുറന്നുപറഞ്ഞു. "1994-2000 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നിരവധിപ്പേര്‍ ഈ വിജയകിരീടം ചൂടിയിരുന്നു. അന്ന് ഇത് നമുക്ക് ശോഭിക്കാന്‍ കഴിയുന്ന മേഖലയാണെന്നാണ് കരുതിയത്‌. അതിന്റെ മറുവശത്തേക്ക് അന്ന് നമ്മള്‍ നോക്കിയില്ല. ഫ്രാന്‍സ് 54വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് കിരീടം ചൂടിയത്. ഫിലിപ്പൈന്‍സിന് 30 വര്‍ഷമാണ് കാത്തിരിക്കേണ്ടിവന്നത്. 100ലധികം രാജ്യങ്ങളാണ് മത്സരിക്കാനെത്തുന്നത്. ഓരോ വര്‍ഷവും മത്സരം മാറിക്കൊണ്ടിരിക്കുകയാണ്", ലാറ പറഞ്ഞു. സുത്രവാക്യം മനസ്സിലായെന്ന് കരുതിയാലും മത്സരത്തിലേക്കെത്തുമ്പോള്‍ നിങ്ങളെ അത് അതിശയിപ്പിക്കും, ഓരോ വര്‍ഷവും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കണ്ടതിനേക്കാള്‍ വ്യത്യസ്തമായ എന്തെങ്കിലുമായിരിക്കും ആ വേദി നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, താരം കൂട്ടിച്ചേര്‍ത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com