'കേരള മുഖ്യമന്ത്രി മോഹൻലാൽ'; പ്ലാസ്റ്റിക് നിരോധിച്ചതിന് പിണറായി വിജയനുള്ള അഭിനന്ദനം പുലിവാലായി 

മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് നടൻ മോഹൻലാലിന്‍റെ ചിത്രമാണ് അഭിനന്ദന പോസ്റ്റിൽ നൽകിയത്
'കേരള മുഖ്യമന്ത്രി മോഹൻലാൽ'; പ്ലാസ്റ്റിക് നിരോധിച്ചതിന് പിണറായി വിജയനുള്ള അഭിനന്ദനം പുലിവാലായി 

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച തീരുമാനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പോസ്റ്റിട്ട ഉത്തരേന്ത്യന്‍ കമ്പനിയാണ് ഇപ്പോൾ പുലിവാല് പിടിച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് നടൻ മോഹൻലാലിന്‍റെ ചിത്രമാണ് അഭിനന്ദന പോസ്റ്റിൽ നൽകിയത്. തീരുമാനത്തെ പ്രശംസിച്ചുകൊണ്ടുള്ള ഗ്രാഫിക് കാര്‍ഡാണ് കമ്പനിയെ കുഴപ്പത്തിലാക്കിയത്. 

2020 ജനുവരി ഒന്നുമുതൽ കേരളത്തിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കാൻ തീരുമാനിച്ചതിന് കമ്പനിയുടെ ഫേസ്ബുക്ക് ഇൻസ്റ്റ​ഗ്രാം പേജുകളിലൂടെയാണ് അഭിനന്ദനമെത്തിയത്. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ വിശദാംശങ്ങള്‍ സഹിതമായിരുന്നു ഗ്രാഫിക് കാര്‍ഡ്. എന്നാൽ ഇതിനൊപ്പം ചേർത്ത ചിത്രം നടൻ മോഹൻലാലിന്റേതും. തെറ്റ് പലരും ചൂണ്ടികാട്ടിയതോടെ കമ്പനി പോസ്റ്റർ മാറ്റി നൽകിയിട്ടുണ്ട്.

സംവിധായകൻ ശ്രീകുമാര്‍ മേനോൻ മുൻപ് പുറത്തിറക്കാൻ പദ്ധതിയിട്ട കോമ്രേഡ് എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ ക്യാരക്ടര്‍ സ്കെച്ചാണ് കമ്പനി ഉപയോഗിച്ചത്. പതിനയ്യായിരത്തിലധികം ഫോളോവേഴ്സുള്ള കമ്പനിയുടെ ഫേസ്ബുക്ക് പേജിലെ തെറ്റ് പോസ്റ്റ് ഇട്ട് മൂന്ന് ദിവസത്തിനു ശേഷമാണ് ശ്രദ്ധയിൽപ്പെട്ടത്. വ്യവസായിക സ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ തയ്യാറാക്കുന്ന കമ്പനിയാണ് യൂറോസേഫ്റ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com