ഏറെ കാലത്തിന് ശേഷം ശോഭന-സുരേഷ് ഗോപി ജോഡിയെ വീണ്ടും ബിഗ് സ്ക്രീനിൽ കണ്ട ചിത്രമാണ് അനുപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. ഇതിനിടയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച രസകരമായ ഒരു സംഭവം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ശോഭന ഉള്‍പ്പെടുന്ന ഒരു ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ ആണ് സംവിധായകൻ അനൂപ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ശോഭനയുടെ കഥാപാത്രത്തിന് തന്റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഫോട്ടോ കൈയിൽ പിടിച്ചുകൊണ്ട് എതിരെയുള്ള കണ്ണാടിയിലേക്ക് നോക്കാനാണ് സംവിധായകന്റെ നിർദേശം. ഇതിന് പിന്നാലെ 'പണ്ടത്തെ ശോഭനയായിരുന്നു ശോഭന' എന്ന അനൂപിന്റെ ഡയലോഗാണ് സെറ്റിലാകെ ചിരിപടർത്തിയത്. ശോഭനയടക്കം ഇതുകേട്ട് ചിരിക്കുന്നത് വിഡിയോയിൽ കാണാം.
ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്ല്യാണിയാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. ശോഭനയുടെ മകളായാണ് കല്ല്യാണി അഭിനയിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ