'അവരാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടൽ കടന്നവരല്ല,  മനുഷ്യത്വപരമായ കരുണ കാണിക്കണം'; സലിം അഹമ്മദ്

പ്രവാസികളു‌ടെ ജീവിതം പറഞ്ഞ മമ്മൂട്ടി ചിത്രം പത്തേമാരിയുടെ സംവിധായകനാണ് സലിം
'അവരാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടൽ കടന്നവരല്ല,  മനുഷ്യത്വപരമായ കരുണ കാണിക്കണം'; സലിം അഹമ്മദ്

ലോകം കൊറോണ ഭീതിയിലായതോടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾ നിരവധിയാണ്. അവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികളെ തിരികെ എത്തിക്കാനാവില്ല എന്ന നിലപാടിലാണ് കേന്ദ്രം. ഇത് പ്രവാസികളെയും നാട്ടിലുള്ള അവരുടെ കുടുംബത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രവാസികളോട് മനുഷ്യത്വപരമായ കരുണ കാണിക്കണം എന്ന ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സലിം അഹമ്മദ്. നാട് കാണാനുള്ള കൗതുകം കൊണ്ട് കടല് കടന്നവരല്ല അവർ എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. പ്രവാസികളു‌ടെ ജീവിതം പറഞ്ഞ മമ്മൂട്ടി ചിത്രം പത്തേമാരിയുടെ സംവിധായകനാണ് സലിം. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഡയലോ​ഗുകളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. 

സലിം അഹമ്മദിന്റെ കുറിപ്പ് വായിക്കാം

"ആരായിരിക്കും ഈ മണ്ണില് കാലുകുത്തിയ ആദ്യത്തെ മലയാളി ?" - ഖോർഫുക്കാൻ തീരത്ത് നിന്ന് അടയാളപാറയ്ക്കുമപ്പുറത്തെ കടലിന്റെ അറ്റം നോക്കി നാരായണൻ ചോദിച്ചു. "ആരായിരുന്നാലും നാട് കാണാൻ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നിൽക്കുന്ന പെങ്ങമാരുമുള്ള ആരെങ്കിലുമായിരിക്കും" - മൊയ്തീൻ.

ശരിയാണ്, അവരാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടല് കടന്നവരല്ല. അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണം.സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയെന്ന ആവശ്യം മാത്രമാണ് അവർക്കുള്ളത്, രോഗികളെ കൊണ്ട് വരണമെന്ന് പറയുന്നുമില്ല.

ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസം. ഭൂപരിഷ്ക്കരണ നിയമ പ്രകാരം കിട്ടിയ ഭൂമിക്ക് വിലയുണ്ടായത് മലയാളി ഗൾഫിൽ പോയതിന് ശേഷമാണ്, അവരിൽ പലരും സന്തോഷിച്ചത് അയച്ച് കൊടുത്ത കാശിൽ നാട്ടിൽ ഒരാവശ്യം നടന്നല്ലോന്ന് അറിയുമ്പോയാണ് -

അങ്ങനെ അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയും എയർപോർട്ടുമെല്ലാം കെട്ടിപൊക്കിയത്; എന്തിനേറെ ക്ലബ്‌ വാർഷികവും, ടൂർണമെന്റ്‌കളും ഉൽസവവും, പള്ളി പെരുന്നാളും, ഉറൂസും നടത്തിയത്......

പ്രളയദുരന്തങ്ങളിൽ നമുക്കേറെ കൈത്താങ്ങായതും അവരുടെ കരുത്തും കരുതലുമായിരുന്നു. നമ്മളുറങ്ങുമ്പോഴും നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും അവർ തന്നെ....

എന്നാൽ, അവരൊരിക്കലും അതിന്റെ കണക്ക് പറഞ്ഞിട്ടില്ല. ആ അയച്ചുതന്ന കാശൊരിക്കലും അവരുടെ മിച്ചത്തിൽ നിന്നായിരുന്നില്ല; പത്ത് തികയ്ക്കാൻ കടം വാങ്ങിച്ച മൂന്നും ചേർത്ത് അയച്ചതായിരുന്നു.

175 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ നിന്നും സ്വന്തം നാട്ടുകാരെ ഓരോ രാജ്യങ്ങളും കൊണ്ട് പോകുകയാണ്. സ്വന്തം വീട്ടുകാർക്ക് പോലും പ്രവാസിയെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഒരു നാടിന്......

ചേറ്റുവ കടപ്പുറത്ത് ലാഞ്ചി വേലയുധൻ പുലമ്പി നടന്നതു തന്നെയാണ് സത്യം -" നിങ്ങള്‍ വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോർഡർ വന്നില്ലെങ്കിലാ അവർക്ക് സങ്കടം..... മഞ്ഞും മഴയും വെയിലും കൊള്ളാതെ തണലേകികൊണ്ട് നടന്നതെല്ലാം അവർ മറക്കും.... ഒടുവില്‍ ഓട്ടവീണ കുട പോലെ ഒരു മുലേല്‍......അങ്ങനെയൊക്കെ തന്നെയായിരിക്കും നിന്റെയൊക്കെ അവസാനം....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com