'എനിക്ക് അങ്ങനെ ഒരു മകളില്ല,  വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ല';  അനുരാധ പഡ്വാള്‍

മകളാണെന്ന് അം​ഗീകരിക്കണമെന്നും 50 കോടി രൂപ നഷ്ടപരിഹാരം തരണം എന്ന ആവശ്യവുമായി തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്‌സ് എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്
'എനിക്ക് അങ്ങനെ ഒരു മകളില്ല,  വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ല';  അനുരാധ പഡ്വാള്‍

പ്രമുഖ ബോളിവുഡ് ഗായിക അനുരാധ പഡ്വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി ഒരു യുവതി രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. മകളാണെന്ന് അം​ഗീകരിക്കണമെന്നും 50 കോടി രൂപ നഷ്ടപരിഹാരം തരണം എന്ന ആവശ്യവുമായി തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്‌സ് എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. ഇപ്പോൾ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനുരാധ. 

തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നുമാണ് അവർ പറയുന്നത്. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ കൂട്ടിച്ചേര്‍ത്തു. 

അനുരാധ പഡ്‌വാൾ- അരുൺ പഡ്‌വാൾ ദമ്പതികളുടെ മൂത്ത മകളാണ് താനെന്നാണ് കർമ്മലയുടെ വാദം. സംഗീത രംഗത്തെ തിരക്കുകാരണം തന്നെ കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിക്കുകയായിരുന്നെന്നാണ് അവർ പറയുന്നത്. പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താൻ വളർന്നതെന്നും കർമ്മല പറഞ്ഞു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കർമ്മല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.

പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ്‌ തന്റെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് കർമ്മലയെ അറിയിക്കുന്നത്. കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടർന്നാണ് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ പറയുന്നു. വക്കീൽ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കർമ്മല മോഡക്സ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com