ജമീല മാലിക് അവസാന കാലം കഴിഞ്ഞത് ട്യൂഷനെടുത്ത്, കൂട്ടിന് മാനസിക വെല്ലുവിളി നേരിടുന്ന മകനും  

സിനിമയുടെ താരപ്പകിട്ടിൽ നിന്ന് ദാരിദ്രത്തിലേക്ക് വീണിട്ടും ആരോടും പരാതി പറയാൻ നിൽക്കാതെയാണ് ജമീല മാലിക്കിന്റെ മടക്കം
ജമീല മാലിക് അവസാന കാലം കഴിഞ്ഞത് ട്യൂഷനെടുത്ത്, കൂട്ടിന് മാനസിക വെല്ലുവിളി നേരിടുന്ന മകനും  

വിടപറഞ്ഞ ആദ്യകാല നടി ജമീല മാലിക്ക് അവസാന നാളുകളിൽ ജീവിച്ചത് ട്യൂഷനെടുത്ത്. ഹിന്ദി പഠിച്ചിരുന്നതാണ് ‍‍ജമീലക്ക് അവസാന നാളുകളിൽ സഹായമായത്. താരസംഘടനയായ  ‘അമ്മ’യുടെ നേതൃത്വത്തിൽനൽകിയ പാലോട് പാപ്പനംകോടിനടുത്തെ വീട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന മകനൊപ്പം കഴിഞ്ഞിരുന്ന ജമീല ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. സിനിമയുടെ താരപ്പകിട്ടിൽ നിന്ന് ദാരിദ്രത്തിലേക്ക് വീണിട്ടും ആരോടും പരാതി പറയാൻ നിൽക്കാതെയാണ് ജമീല മാലിക്കിന്റെ മടക്കം.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ കേരളത്തിലെ ആ​ദ്യത്തെ വനിതയാണ് ജമീല. പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന കാലത്ത് 16ാം വയസിലാണ് ജമീല ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ജയ ബച്ചന്റെ സഹപാഠിയായിരുന്നു. എന്നാൽ ദുരിത കാലത്ത് പോലും ആരോടും സഹായം തേടിയിട്ടില്ല. വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളും രോഗിയായ മകന്റെ പരിപാലനവുമൊക്കെ കാരണം രംഗംവിട്ടെങ്കിലും ഡബ്ബിങ്ങും സീരിയൽ അഭിനയവും കുറച്ചുകാലം തുടർന്നു. പിന്നീട് ക്യാമറക്ക് മുന്നിൽ നിന്ന് പൂർണമായി കളമൊഴിഞ്ഞു.

റാഗിങ് സിനിമയിലൂടെ ആയിരുന്നു ചലചിത്രരംഗത്തേക്കുള്ള പ്രവേശം.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. രാജഹംസം, ലഹരി തുടങ്ങിയ മലയാള ചിത്രങ്ങളിലും അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളില്‍ നായികയായി.'നദിയെ തേടിവന്ന കടല്‍' എന്ന പടത്തില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.  ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ആകാശവാണിക്കു വേണ്ടി നിരവധി നാടകങ്ങള്‍ എഴുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com