മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി പിണറായി വിജയൻ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയതെന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു. വിവിധ ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് ചിത്ര രാജ്യം മുഴുവൻ കേരളത്തിൻ്റെ യശസ്സ് ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
57ാം ജന്മദിനം ആഘോഷിക്കുകയാണ് ചിത്ര. മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയ ഗായികയ്ക്ക് ആശംസകളുമായി എത്തിയത്. മലയാളികളുടെ സ്വന്തം വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ- എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാൽ, സുരേഷ് ഗോപി, അജുവർഗീസ് തുടങ്ങിയ താരങ്ങളും ഗായകരും പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്
"മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിൻ്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു".
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ