'അടുത്ത ശമ്പളം നൽകാൻ കഴിയുമോ എന്നറിയില്ല'; വീട്ടുജോലിക്കാരോട് അവസാനമായി സുശാന്ത് പറഞ്ഞത്

മരിക്കുന്നതിന് തലേന്ന് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്
'അടുത്ത ശമ്പളം നൽകാൻ കഴിയുമോ എന്നറിയില്ല'; വീട്ടുജോലിക്കാരോട് അവസാനമായി സുശാന്ത് പറഞ്ഞത്

സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് സുശാന്ത് സിങ് രജ്പുത് വിടപറഞ്ഞത്. ഏറെനാളായി താരം വിഷാദരോ​ഗത്തിന് അടിമയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരിയറിലുണ്ടായ ഇടർച്ചകളും ഇന്റസ്ട്രിയിൽ നിന്ന് പിന്തുണ ലഭിക്കാതിരുന്നതും താരത്തെ കൂടുതൽ സമ്മർ​ദ്ദത്തിലാക്കിയെന്നും വെളിപ്പെടുത്തലുകളുണ്ട്. ഇപ്പോൾ ചർച്ചയാകും സുശാന്ത് തന്റെ ജോലിക്കാരോട് പറഞ്ഞ വാക്കുകളാണ്. 

അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാർക്കുള്ള മുഴുവൻ ശമ്പളവും സുശാന്ത് നൽകിയിരുന്നു. മുംബൈ ബാന്ദ്രയിലെ ജോഗേഴ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്മെന്റിൽ മൂന്ന് വീട്ടുജോലിക്കാർക്കൊപ്പമാണ് താരം താമസിച്ചിരുന്നത്. 

മരിക്കുന്നതിന് തലേന്ന് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാന്‍ കിടന്നത്. അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.  ശനിയാഴ്ച രാത്രി അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രജ്പുതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും മുറിയില്‍നിന്നു പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും മുറിയില്‍ കടന്നത്.

ഇദ്ദേഹം അവസാനമായി ഒരു ടിവി താരമായിരുന്ന സുഹൃത്തിനെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവർ കോൾ എടുത്തിരുന്നില്ല. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകള്‍ പൊലീസിന് ലഭിച്ചതായും ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറു മാസത്തോളമായി സുശാന്ത് കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com