'എൻജിനീയറിങ് പഠനം കഴിഞ്ഞ് സിനിമയിലെത്തി, ഒരു ചിത്രം ചെയ്യാനെ കഴിഞ്ഞുള്ളൂ'; ബേസിലിന്റെ വേർപാടിൽ നൊന്ത് സംവിധായകൻ

രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കാൻ കാത്തുനിൽക്കാതെയാണ് മടക്കം
'എൻജിനീയറിങ് പഠനം കഴിഞ്ഞ് സിനിമയിലെത്തി, ഒരു ചിത്രം ചെയ്യാനെ കഴിഞ്ഞുള്ളൂ'; ബേസിലിന്റെ വേർപാടിൽ നൊന്ത് സംവിധായകൻ

മൂവാറ്റുപുഴയിൽ ഇന്നലെയുണ്ടായ അപകടത്തിൽ യുവ നടൻ ബേസിൽ മരിച്ചിരുന്നു.  ഫാറൂഖ് അഹമ്മദലി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലാണ് ബേസിൽ അരങ്ങേറ്റം കുറിച്ചത്. ഫാറൂഖിന്റെ തന്നെ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലായിരുന്നു താരം. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ദുഃഖത്തിലാണ് സംവിധായകനും അണിയറ പ്രവർത്തകരും. എൻജിനീയറിങ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് ബേസിൽ സിനിമയിൽ എത്തിയത് എന്നാണ് ഫാറൂഖ് പറയുന്നത്. 

ഹ്രസ്വചിത്രമോ, മ്യൂസിക് ആൽബങ്ങളോ ഒന്നും ചെയ്യാതെയാണ് പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലേക്ക് ബേസിൽ എത്തുന്നത്.  'ബേസിലിന്‍റെ അച്ഛൻ എന്‍റെ സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളുടെ സിനിമയിലേക്ക് നായകന് വേണ്ടിയുള്ള ഓഡിഷൻ നടക്കുന്നതറിഞ്ഞ് ബേസിൽ എത്തിയത്. ഇരുപത്തിയൊന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഏറെ എനര്‍ജറ്റിക് ആയിരുന്നയാളാണ്. ഞങ്ങള്‍ ക്രിസ്മസ് രാത്രിയിലാണ് പരിചയപ്പെട്ടത്. അങ്ങനെ അദ്ദേഹം ഓഡിഷനെത്തി. നമ്മുടെ നായകന് വേണ്ടത് ബേസിലിന് ഉണ്ടായിരുന്നു. അങ്ങനെ പൂവള്ളിയും കുഞ്ഞാടും തുടങ്ങി. സിനിമയുടെ പൂജയുടെ സമയത്തും ബേസിലിന് ഒരു അപകടം സംഭവിച്ചിരുന്നു. കാലൊടിഞ്ഞു, സ്റ്റീൽ ഇടേണ്ടി വന്നു. അങ്ങനെ ആ ഒടിഞ്ഞ കാലുമായിട്ടായിരുന്നു ബേസിൽ ആദ്യ സിനിമയിൽ അഭിനയിച്ചത്'- ഫാറൂഖ് പറഞ്ഞു. 

പുതുമുഖം ആയിരുന്നിട്ട് കൂടി നല്ല പ്രകടനമായിരുന്നു  ബേസിൽ ചിത്രത്തിൽ നടത്തിയത്. എല്ലാവരുമായും സഹകരിക്കുന്ന പ്രകൃതമായിരുന്നു, സിനിമാ മോഹം ഏറെയുണ്ടായിരുന്നു ബേസിലിന്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് സിനിമയിലെത്തിയതാണദ്ദേഹം. പക്ഷേ ഒരു സിനിമ മാത്രം ചെയ്യാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ, ഞങ്ങള്‍ ഒരുമിച്ച് അടുത്ത ഒരു ചിത്രം ഒരുക്കുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ത‌ൃപ്പന്നൂരിലെ കള്ളന്മാർ എന്ന് പേരിട്ട ചിത്രത്തിൽ മൂന്ന് നായകന്മാരിൽ ഒരാളായിരുന്നു ബേസിൽ. എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ കാത്തുനിൽക്കാതെയാണ് മടക്കം. ഇന്നലെ മേക്കടമ്പിലുണ്ടായ അപകടത്തിൽ ബേസിലും സു​ഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നു മൂന്ന് പേരും മരിച്ചു. കൂടാതെ കെട്ടിടത്തിലെ താമസക്കാരായ അഞ്ച് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com