'കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ നടനാണെന്ന് പറഞ്ഞു വിളിച്ചു, അവരുടെ കെണിയിൽ വീഴരുത്'; മുന്നറിയിപ്പുമായി ഡോ ഷിനു ശ്യാമളൻ

പ്രമുഖരുടെ പേരിൽ പലരും വിളിക്കുമെന്നും എന്നാൽ അത് വിശ്വസിച്ച് അവരെ കാണാൻ ഓടി പോകരുതെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷിനു പറയുന്നത്
'കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ നടനാണെന്ന് പറഞ്ഞു വിളിച്ചു, അവരുടെ കെണിയിൽ വീഴരുത്'; മുന്നറിയിപ്പുമായി ഡോ ഷിനു ശ്യാമളൻ

പ്രമുഖ താരങ്ങളുടേയും സംവിധായകരുടേയും പേരിൽ നടക്കുന്ന വ്യാജ കാസ്റ്റിങ് കോളിനെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടറും സാമൂഹ്യപ്രവർത്തകയുമായി ഷിനു ശ്യാമളൻ. സിനിമയിൽ വേഷം തരാമെന്ന് പറഞ്ഞ് പ്രമുഖരുടെ പേരിൽ പലരും വിളിക്കുമെന്നും എന്നാൽ അത് വിശ്വസിച്ച് അവരെ കാണാൻ ഓടി പോകരുതെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷിനു പറയുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഇത്തരത്തിൽ പ്രശസ്ത നടനാണെന്നു പറഞ്ഞുകൊണ്ട് കോൾ വന്നെന്നും അന്വേഷിച്ചപ്പോൾ അത് സത്യമല്ലെന്ന് മനസിലായെന്നും ഷിനു കുറിച്ചു. നിങ്ങളെ ട്രാപ്പിലാക്കി ചൂഷണം ചെയ്ത് ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും അതിനാൽ ഇത്തരത്തിൽ വരുന്ന കോളിൽ വീഴരുതെന്നും കൂട്ടിച്ചേർത്തു.

ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം

മോഡലിംഗ്, സിനിമ, സീരിയൽ രംഗത്തേയ്‌ക്ക് വരുന്ന പെൺകുട്ടികളുടെ  ശ്രദ്ധയ്ക്ക്,
പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും നിങ്ങളെ വിളിക്കും. അവരാണെന്ന് പറഞ്ഞു നിങ്ങളെ വിളിക്കും. സിനിമയിലോ മറ്റും വേഷം തരാമെന്ന് പറയും. നിങ്ങൾ അത് വിശ്വസിച്ചു അവരെ കാണാൻ ഓടി പോകരുത്.

ആദ്യം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. യഥാർത്ഥത്തിൽ അവർ പറയുന്ന വ്യക്തിയുമായി സുഹൃത്തുക്കൾ വഴിയോ മറ്റും കോണ്റ്റാക്ട് ചെയ്യുവാൻ ശ്രമിക്കുക. അവരോട് സംസാരിക്കുക.

ഈ അടുത്തു സ്ഥിരമായി അത്തരം വ്യാജ ഫോണ് വിളികളും മറ്റും വരികയും അതിന്റെ നിജസ്ഥിതി അന്വേഷിച്ചത് കൊണ്ട് അത്തരം റാക്കറ്റിൽ വീഴാതെ അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഒരു വർഷം മുൻപ് സിനിമ സംവിധായിക അഞ്ജലി മേനോൻ ആണെന്ന് പറഞ്ഞു വിളി വന്നിരുന്നു. അന്ന് യഥാർഥ അഞ്ജലി മേനോനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്യുകയും മാഡം പരാതി നൽകുകയും അയാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

ഈ കഴിഞ്ഞ ദിവസം ഒരു പ്രശസ്ത സിനിമ നടൻ ആണെന്ന് പറഞ്ഞു വിളിച്ചു. അന്വേഷിച്ചപ്പോൾ അത് സത്യമല്ല. ഇതുപോലെ നിരവധി പേർ സോഷ്യൽ മീഡിയയിലും മറ്റും ആക്റ്റീവ് ആയി നിൽക്കുന്നവരെ വിളിക്കും.

അവർക്ക് വേണ്ടത് നിങ്ങളെ ട്രാപ്പിലാക്കി നിങ്ങളെ ചൂഷണം ചെയ്ത് ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ്.
ഇത്തരക്കാർ വിളിക്കുക അമേരിക്കയിൽ നിന്നുള്ള നമ്പറുകളോ, ഇന്റർനെറ്റ് കാളുകളോ ആവും.

നമ്മളെ വിശ്വസിപ്പിക്കുവാനായി നമ്മളുടെ കാര്യങ്ങൾ അവർ പറയും. കൂടാതെ അവർ ആരാണെന്ന് പറഞ്ഞു വിളിക്കുന്നുവോ അവരുടെ സിനിമകളെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നമ്മോട് പറയും.

ഇതിലൊന്നും വീഴരുത്. അന്വേഷിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടാൽ മാത്രമേ അവരെ കാണാൻ പൊകാവു.

ട്രാപ്പുകൾ ആവാം. സൂക്ഷിക്കുക. തെളിവുകൾ സഹിതം പരാതി കൊടുക്കുന്നതിന് കുറിച്ചു ആലോചിക്കും.

സോഷ്യൽ മീഡിയയിൽ ഉള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇതിവിടെ എഴുതുന്നു. ചില കഴുകൻ കണ്ണുകൾ നിങ്ങളെ നോക്കി ഇരിപ്പുണ്ട്. ജാഗ്രത.

നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com