ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം സൂരറൈ പൊടിന്റെ ട്രെയിലർ പുറത്ത്. പുതിയ റിലീസ് തിയതിയ്ക്കൊപ്പം സൂര്യ തന്നെയാണ് ട്രെയിലർ പുറത്തുവിട്ടത്. കുറഞ്ഞ നിരക്കിലുള്ള എയർലൈൻ സ്ഥാപിക്കാനുള്ള സൂര്യയുടെ കഥാപാത്രത്തിന്റെ പ്രയത്നവും തുടർന്ന് നേരിടേണ്ടിവരുന്ന പ്രതിസന്ധിയുമാണ് ചിത്രത്തിൽ പറയുന്നത്.
അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിൽ ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻ ബാബു , പരേഷ് റാവൽ എന്നിവരാണ് മറ്റു താരങ്ങൾ. ആമസോൺ പ്രൈമിലൂടെ നവംബർ 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നേരത്തെ ഈ മാസം 30 ന് റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് റിലീസ് നീട്ടുകയായിരുന്നു.
പറക്കാനുള്ള സ്വപ്നം എന്ന അടിക്കുറിപ്പിലാണ് സൂര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എയർ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് സൂരറൈ പോട്ര് എടുത്തിരിക്കുന്നത്. സുധ കൊങ്കാരയാണ് സംവിധാനം. തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റിയാണ് ചിത്രം എത്തുക. 200ലേറെ രാജ്യങ്ങളിലെ ആമസോൺ പ്രൈം അംഗങ്ങൾക്ക് ചിത്രം കാണാം. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റും ഗുനീത് മോൻഗയുടെ സിഖ്യാ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ