അങ്ങനെയാണ് മോഹന്‍ലാല്‍ ബാലേട്ടനായത്; ആദ്യം തീരുമാനിച്ചത് മറ്റൊരു നടനെ; തുറന്നു പറഞ്ഞ് സംവിധായകന്‍

മോഹന്‍ലാല്‍ ആയിരുന്നില്ല ആ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത്
അങ്ങനെയാണ് മോഹന്‍ലാല്‍ ബാലേട്ടനായത്; ആദ്യം തീരുമാനിച്ചത് മറ്റൊരു നടനെ; തുറന്നു പറഞ്ഞ് സംവിധായകന്‍

ബാലേട്ടാ എന്ന വിളിയില്‍ സിനിമ പ്രേമികള്‍ ആദ്യം ഓര്‍മിക്കുക മോഹന്‍ലാലിന്റെ മുഖമാണ്. ബാലേട്ടന്‍ എന്ന സിനിമയിലെ പ്രകടനമാണ് മോഹന്‍ലാലിനെ ആ പേരില്‍ പ്രതിഷ്ഠിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ആയിരുന്നില്ല ആ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത്. സംവിധായകന്‍ വിഎം വിനുവാണ് ആ കഥ പറയുന്നത്. 

കോമഡിക്കും കുടുംബ ബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രം മികച്ച വിജയമായിരുന്നു. ടി. എ ഷാഹിദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. തിരക്കഥ എഴുതുമ്പോള്‍ ജയറാമാണ് ഷാഹിദിന്റെ മനസിലുണ്ടായിരുന്നത് എന്നാണ് വിനു പറയുന്നത്. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ തന്റെ മനസിലേക്ക് വന്ന മുഖം മോഹന്‍ലാലിന്റേതായിരുന്നു എന്നും വിനു വ്യക്തമാക്കി. 

'ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു. തിരക്കഥയില്‍ ആരെയാണ് നടനായി മനസില്‍ കാണുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോല്‍ 'ജയറാമായാല്‍ കലക്കില്ലേ' എന്നാണ് ഷാഹിദ് ചോദിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നു വന്ന നടന്റെ മുഖം മോഹന്‍ലാലിന്റേതായിരുന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കില്‍ അത്തരം നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നമുക്കിത് ഉടന്‍ തന്നെ ചെയ്യാമെന്നാണ്' വിനു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com