'ഇത് അറിയാതെ സംഭവിച്ചതല്ല, മാപ്പു ചോദിക്കാന്‍ പോലും അവകാശമില്ല, വെറുക്കരുത്'; പുതിയ വീട്ടില്‍ നിന്നുള്ള മണികണ്ഠന്റെ വിഡിയോ 

ഫേയ്‌സ്ബുക്കിലൂടെ പുതിയ വീടിന്റെയും പാലുകാച്ചലിന്റേയും ചിത്രങ്ങള്‍ മണികണ്ഠന്‍ പങ്കുവെച്ചിരുന്നു
'ഇത് അറിയാതെ സംഭവിച്ചതല്ല, മാപ്പു ചോദിക്കാന്‍ പോലും അവകാശമില്ല, വെറുക്കരുത്'; പുതിയ വീട്ടില്‍ നിന്നുള്ള മണികണ്ഠന്റെ വിഡിയോ 

മ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനായി മലയാളികളുടെ മനസു കവര്‍ന്ന നടനാണ് മണികണ്ഠന്‍. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. കഴിഞ്ഞ ദിവസം മണികണ്ഠന്‍ തന്റെ പുതിയ വീട്ടിന്റെ പാലുകാച്ചല്‍ നടത്തിയിരുന്നു. ഫേയ്‌സ്ബുക്കിലൂടെ പുതിയ വീടിന്റെയും പാലുകാച്ചലിന്റേയും ചിത്രങ്ങള്‍ മണികണ്ഠന്‍ പങ്കുവെച്ചിരുന്നു.

അതിന് പിന്നാലെ മണികണ്ഠന്‍ പോസ്റ്റ് ചെയ്ത വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പുതിയ വീടിന്റെ പാലുകാച്ചലിന് എല്ലാവരേയും വിളിക്കാന്‍ പറ്റാത്തതില്‍ മാപ്പു പറഞ്ഞുകൊണ്ടുള്ളതാണ് വിഡിയോ. തന്റെ നിരവധി സുഹൃത്തുക്കളെ വിളിക്കാന്‍ പറ്റിയില്ലെന്നും മാപ്പു പറയാന്‍ പോലും തനിക്ക് അവകാശമില്ലെന്നുമാണ് ഫേയ്‌സ്ബുക്ക് ലൈവിലൂടെ മണികണ്ഠന്‍ പറയുന്നത്. 

മണികണ്ഠന്റെ വാക്കുകള്‍

'സ്വപ്‌നം പോലെ തന്നെ പാലു കാച്ചി, സ്വന്തം വീട്ടില്‍ കയറി. ജീവിതത്തിലെ വലിയൊരു സ്വപ്‌നമായിരുന്നു സ്വന്തം വീട്. വളരെ സന്തോഷത്തോടെ പറയേണ്ട കാര്യമാണ്. എന്നാല്‍ ആരെയും വിളിക്കാന്‍ പറ്റാത്തതിന്റെ വിഷമം എനിക്കുണ്ട്. വേണ്ടപ്പെട്ട പലരെയും ക്ഷണിക്കാന്‍ സാധിച്ചില്ല. ചിലരെ വിളിച്ചു.. ചിലരോടൊന്നും പറയാന്‍ പറ്റിയില്ല. അതിന്റെ കുറ്റബോധമുണ്ട്. വലിയ നടനായല്ലേയെന്നെല്ലാം പറഞ്ഞ് ചിലര്‍ പരിഭവം പറഞ്ഞു. അതിനാലാണ് ലൈവ് വീഡിയോ ഇടാമെന്നു തീരുമാനിച്ചത്. അറിവില്ലായ്മയും പരിചയക്കുറവും കാരണമാണ് അങ്ങനെ സംഭവിച്ചത്. വീട്  സ്വന്തമായെന്നു ഇപ്പോള്‍ പറയാറായിട്ടില്ല. ഒരുപാടു പേരില്‍ നിന്നും കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് വീടു വച്ചത്. അതെല്ലാം തിരിച്ചടച്ചു കഴിഞ്ഞാലേ വീട് എന്റേതാകുള്ളൂ. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കാണ് മാപ്പു ചോദിക്കേണ്ടത്. ഇത് അറിയാതെ സംഭവിച്ചതല്ല. അതിനാല്‍ മാപ്പു ചോദിക്കാന്‍ പോലും ഞാനാളല്ല. എന്നെ വെറുക്കരുത്. നിങ്ങളുടെയെല്ലാം സ്‌നേഹം എനിക്കിനിയും വേണം.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com