'പാവപ്പെട്ട ഞങ്ങളോട് എന്തിനാ ഇങ്ങനെ ചെയ്യുന്നത്, പുറത്തിറങ്ങി നടക്കണ്ടേ'; പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസിന്റെ അമ്മ (വിഡിയോ)

നിരപരാധികളായ തങ്ങളെക്കുറിച്ച് എന്തിനാണ് ഇങ്ങനെ അനാവശ്യം എഴുതിവിടുന്നത് എന്നാണ് മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നത്
'പാവപ്പെട്ട ഞങ്ങളോട് എന്തിനാ ഇങ്ങനെ ചെയ്യുന്നത്, പുറത്തിറങ്ങി നടക്കണ്ടേ'; പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസിന്റെ അമ്മ (വിഡിയോ)

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായതോടെ സോഷ്യല്‍ മീഡിയയിലൂടെ വലിയ സൈബര്‍ ആക്രമണമാണ് നടി മഞ്ജു പത്രോസും കുടുംബവും നേരിടുന്നത്. ഇപ്പോള്‍ അതിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജുവിന്റെ മാതാപിതാക്കള്‍. നിരപരാധികളായ തങ്ങളെക്കുറിച്ച് എന്തിനാണ് ഇങ്ങനെ അനാവശ്യം എഴുതിവിടുന്നത് എന്നാണ് മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നത്. 

മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന വ്‌ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയര്‍ ചെയ്ത വിഡിയോയിലാണ് മഞ്ജു പത്രോസിന്റെ കുടുംബത്തിന്റെ പ്രതികരണം. അയല്‍വാസികള്‍ വരെ മഞ്ജുവിനെക്കുറിച്ച് പറയുന്ന അനാവശ്യത്തെക്കുറിച്ച് ചോദിക്കാറുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ നിയമനടിപടിക്ക് ഒരുങ്ങാന്‍ അലോചിക്കുകയാണെന്നും വീട്ടുകാര്‍ വ്യക്തമാക്കി. 

ഒരു ടെലിവിഷന്‍ ഗെയിം ഷോയുടെ പേരില്‍ വീട്ടിലുള്ള നിരപരാധികളെ വലിച്ചിഴക്കുന്നതും തേജോവധം ചെയ്യുന്നതും എന്തിനാണെന്നും മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നു. മഞ്ജുവിനെ വേദനിപ്പിക്കാനും തകര്‍ക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ അവഹേളിക്കുന്നതിലൂടെ ഞങ്ങളാണ് വേദനിക്കുന്നതെന്നും റീത്ത വ്യക്തമാക്കി. തങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കേണ്ടെ എന്നാണ് കരഞ്ഞുകൊണ്ട് റീത്ത ചോദിക്കുന്നത്. 

'വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്, പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ. മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്,  തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.' 

ബിഗ് ബോസില്‍ വന്നതിന് പിന്നാലെ മഞ്ജു വിവാഹമോചിതയാകുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ഭര്‍ത്താവ് സുനിച്ചന്‍ തന്നെ രംഗത്തെത്തി. തങ്ങളുടെ പിന്തുണയിലാണ് മഞ്ജു റിയാലിറ്റി ഷോയില്‍ എത്തിയതെന്നും സുനിച്ചന്‍ പറഞ്ഞിരുന്നു. ഒരു റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മഞ്ജു നിരവധി സിനിമകളിലും അഭിനയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com