'ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്ന്'; പാട്ടുപാടി പ്രതിഷേധിച്ച് രശ്മി സതീഷ്; വിഡിയോ

'ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്ന്'; പാട്ടുപാടി പ്രതിഷേധിച്ച് രശ്മി സതീഷ്; വിഡിയോ

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ഥികള്‍ പാടി വിവാദമായി മാറിയ പാക് കവി ഫയസ് അഹമ്മദ് ഫയസിന്റെ പ്രസിദ്ധമായ 'ഹം ദേഖേംഗെ' എന്ന കവിതയാണ് രശ്മി പാടുന്നത്

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കു നേരെയുണ്ടായ ആക്രമണം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സിനിമ സാഹിത്യ രംഗത്തെ നിരവധി പേരാണ് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ വ്യത്യസ്തമായ പ്രതിഷേധ ശബ്ദമുയര്‍ത്തുകയാണ് ഗായികയും നടിയുമായ രശ്മി സതീഷ്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ഥികള്‍ പാടി വിവാദമായി മാറിയ പാക് കവി ഫയസ് അഹമ്മദ് ഫയസിന്റെ പ്രസിദ്ധമായ 'ഹം ദേഖേംഗെ' എന്ന കവിതയാണ് രശ്മി പാടുന്നത്. ഈ കവിത ഹിന്ദുത്വ വിരുദ്ധമാണ് എന്നാ ആരോപണം ഉയർന്നതിനെ തുടർന്ന് ഇത് പരിശോധിക്കാൻ കാണ്‍പുര്‍ ഐഐടി സമിതിയെ നിയോഗിച്ചിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരേ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളിൽ ഒന്ന് എന്ന് വിലയിരുത്തി രശ്മി ഹം ദേഖേം​ഗെ ആലപിക്കുന്നത്.

പാക്കിസ്ഥാന്‍ ഗസന്‍ ഗായിക ഇഖ്ബാല്‍ ബനോ ഹംദേഖേങ്കെ എന്ന കവിതയെ പ്രതിഷേധ ശബ്ദമാക്കിയതിനെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് വിഡിയോ. ഖുറാനിലെ വിധിന്യായ ദിവസത്തിന്റെ വെളിപാടുകളില്‍ നിന്നും മെനഞ്ഞ ഇമേജുകള്‍ കൊണ്ട് നിറഞ്ഞ ഹം ദേഖേങ്കെ എന്ന ഉറുദു കവിത ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നാണ് എന്നാണ് രശ്മി കുറിക്കുന്നത്.

സിംഹാസനങ്ങള്‍ ഇല്ലാതാവുമ്പോള്‍ അല്ലാഹുവിന്റെ നാം മാത്രം ശേഷിക്കും എന്ന അവസാന വരി ചൂണ്ടിക്കാട്ടി, ഇതു ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് കാൺപൂർ ഐഐടി അധ്യാപകൻ പരാതി നൽകിയത്. പാകിസ്ഥാനിലെ സിയാ ഉള്‍ ഹഖിന്റെ പട്ടാള ഭരണത്തിനെതിരെ 1979ല്‍ എഴുതപ്പെട്ടതാണ് ഫയസ് അഹമ്മദ് ഫയസിന്റെ കവിത. പിന്നീട് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സമരങ്ങളില്‍ പലയിടത്തും ഉപയോഗിക്കപ്പെട്ടതാണ് ഹം ദേഖേംഗെ, ഹം ഭി ദേഖേംഗെ എന്നു തുടങ്ങുന്ന കവിത. ഇതു ഹിന്ദു വിരുദ്ധമാണെന്ന് ആക്ഷേപം ഉയരുന്നത് ആദ്യമായാണ്.

രശ്മിയുടെ കുറിപ്പ് ഇങ്ങനെ;

അതിജീവിക്കുവാന്‍ കെല്‍പ്പുള്ള ശുഭാപ്തിവിശ്വാസം

'പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചു അമ്പതിനായിരത്തിനു മുകളില്‍ കാണികള്‍ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തില്‍ പാടുകയായിരുന്നു ഇക്ബാല്‍ ബാനോ. തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഫയാസ് അഹ്മദ് ഫയാസിന്റെ ഹം ദേഖേങ്കെ എന്ന കവിതയുടെ വരികള്‍. മഞ്ഞുറഞ്ഞ തലച്ചോര്‍ വെട്ടിപൊളിക്കുന്ന കോടാലി പോലെ ആ ആലാപനം ആസ്വാദകരെ ഇളക്കി മറിച്ചു. പാടി നിര്‍ത്തിയ ഓരോ ഈരടിക്കൊടുവിലും ചെകിട് പൊളിക്കുന്ന കരഘോഷം ഉയര്‍ന്നു. ബാനോയുടെ ഗാനം ഉച്ചസ്ഥായിയില്‍ എത്തിയതും സ്‌റ്റേഡിയം ഇന്‍ക്വിലാബ് സിന്ദാബാദ് വിളികളാല്‍ മുഖരിതമായി. അന്ന് ആ സ്‌റ്റേഡിയത്തില്‍ ബാനോയുടെ പ്രശാന്തതയും മാധുര്യവും നിറഞ്ഞ ശബ്ദത്തിനു വിപ്ലവ മുദ്രാവാക്യങ്ങളെക്കാള്‍ വീറുണ്ടായിരുന്നു. ഖുറാനിലെ വിധിന്യായ ദിവസത്തിന്റെ വെളിപാടുകളില്‍ നിന്നും മെനഞ്ഞ ഇമേജുകള്‍ കൊണ്ട് നിറഞ്ഞ ഹം ദേഖേങ്കെ എന്ന ഉറുദു കവിത ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നാണ്. ഇരുള്‍ പടരുന്ന ഈ കാലത്തില്‍ ഇരുണ്ട കാലത്തെ അതിജീവിക്കുവാന്‍ കെല്പുള്ള ശുഭാപ്തി വിശ്വാസം ഒരു ഉറവയ്ക്കുള്ളില്‍ എന്ന പോലെ ഇതില്‍ നിറഞ്ഞിരിക്കുന്നു.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com