മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച സംഭവം; മുഖ്യസൂത്രധാരൻ പിടിയിൽ

നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ
മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച സംഭവം; മുഖ്യസൂത്രധാരൻ പിടിയിൽ

മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ.  കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ കൃഷ്ണദാസാണ് (28) പിടിയിലായത്. കാലടി മാണിക്കമംഗലം സ്വദേശിയാണ് പ്രതി. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പെരുമ്പാവൂരില്‍ നിന്നുമാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

എ ടി എം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനിലും മാരകായുധങ്ങള്‍ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബജ്‌രംഗ് ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ അടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ് മലയാറ്റൂര്‍.

പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി മുമ്പോട്ടു പോവുകയാണ് പോലീസ്. സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മുന്‍കാല ചരിത്രം പോലീസ് അന്വേഷിച്ചു വരുന്നു.

കാലടി മണപ്പുറത്തായിരുന്നു ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിൽ സെറ്റ് പണിതത്. ക്ഷേത്രത്തിന് മുന്നിൽ പള്ളി നിർമിച്ചു എന്നാരോപിച്ചായിരുന്നു സെറ്റ് പൊളിച്ചുനീക്കിയത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പാണ് സെറ്റ് നിര്‍മിച്ചത്. നിബന്ധനകളോടെയായിരുന്നു ഷൂട്ടിങ് അനുമതി. സെറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോഴേക്കും ലോക്ഡൗണായി. തുടര്‍ന്ന് ഷൂട്ടിങ് അനിശ്ചിതത്വത്തിലായി.കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍മുരളി. സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com