'പണം വേണ്ട, പറ്റുമെങ്കിൽ മീൻ വാങ്ങൂ'; ലോക്ക്ഡൗണിൽ ഉണക്കമീൻ വിറ്റ് ഉപജീവനം നടത്തി നടൻ

കടുത്ത വിഷാദവും ആത്മഹത്യ ചിന്തയുമൊക്കെ മറികടന്നാണ് റോഷൻ ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നത്
'പണം വേണ്ട, പറ്റുമെങ്കിൽ മീൻ വാങ്ങൂ'; ലോക്ക്ഡൗണിൽ ഉണക്കമീൻ വിറ്റ് ഉപജീവനം നടത്തി നടൻ

കോവിഡും ലോക്ക്ഡൗണും ജീവിതത്തെ താളം തെറ്റിച്ചപ്പോൾ ഉണക്കമീൻ വിറ്റ്‌ ഉപജീവനം നടത്തി മാതൃകയാകുകയാണ് നടൻ റോഷൻ പഡ്നേക്കർ. 'ബാബാസാഹേബ് അംബേദ്കർ' എന്ന പ്രശസ്തമായ മറാത്തി ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധനേടിയ നടനാണ് റോഷൻ. കടുത്ത വിഷാദവും ആത്മഹത്യ ചിന്തയുമൊക്കെ മറികടന്നാണ് റോഷൻ ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നത്.

ഷൂട്ടിങ് തുടങ്ങാൻ അനുമതി കിട്ടിയെങ്കിലും പ്രധാനപ്പെട്ട അഭിനേതാക്കളെ മാത്രം തിരിച്ചുവിളിച്ചതോടെ ഭാവിയെക്കുറിച്ച് ഒരുനിശ്ചയവുമില്ലാതാകുകയായിരുന്നു റോഷന്. മീൻ പിടിക്കാൻ അറിയാവുന്നതിനാലാണ് ഇത്തരത്തിലൊരു മാർ​ഗ്​ഗം പരീക്ഷിക്കാൻ തീരുമാനിച്ചത്. കുടുംബാം​ഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ പിന്തുണ ലഭിച്ചതോടെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് റോഷൻ പറയുന്നു.

"മീൻ‌ ഉണക്കി വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്. അതിൽ അഭിമാനം മാത്രമേയുള്ളൂ.  വാർത്ത പുറത്ത് വന്നതിന് ശേഷം സാമ്പത്തിക സഹായം നൽകാമെന്ന് പറഞ്ഞ് ചിലർ വിളിച്ചിരുന്നു. അവരോട് ഞാൻ പറഞ്ഞത്, പണം വേണ്ട, പറ്റുമെങ്കിൽ മീൻ വാങ്ങൂ എന്നാണ്. ചോദിച്ചവരോട് നന്ദി പറയുന്നു. എന്നാൽ എനിക്ക് ആരുടെയും സഹാനുഭൂതി വേണ്ട", റോഷൻ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് തന്നെയും വിഷാദം അലട്ടിയിരുന്നെന്നും മാനസികമായി ആകെ തളർന്നിരുന്നെന്നും റോഷൻ പറഞ്ഞു.  "ഞാൻ ഇത്രയും കാലത്തെ ജീവിതം കൊണ്ട് നേടിയ സമ്പാദ്യവും പതുക്കെ തീരാൻ തുടങ്ങി. സങ്കടം സഹിക്കാനാകാതെ വന്നപ്പോൾ ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചു. എനിക്ക് ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. ഞാൻ മരിച്ചാൽ അവർക്ക് മറ്റാരുമില്ല എന്ന ബോധ്യം എനിക്കുണ്ടായി. പിന്നീട് പോരാടാൻ തന്നെ നിശ്ചയിച്ചു. അതിപ്പോൾ മീൻവിൽപ്പനയിൽ എത്തി നിൽക്കുന്നു", ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റോഷൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com