'ഒരിക്കല്‍ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു'; വികാരാധീനനായി വിജയ് സേതുപതി

'എന്റെ അപ്പ എനിക്കു ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്'
'ഒരിക്കല്‍ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു'; വികാരാധീനനായി വിജയ് സേതുപതി

ന്റെ ജീവിതത്തിലെ മാസ്റ്റര്‍ അപ്പയാണെന്ന് നടന്‍ വിജയ് സേതുപതി. പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം അച്ഛനെക്കുറിച്ചോര്‍ത്ത് വികാരാധീനനായത്. തന്റെ അപ്പന്‍ പകര്‍ന്നു തന്ന കഴിവുകൊണ്ടാണ് ഇന്ന് ഈ വേദിയില്‍ നില്‍ക്കാനായതെന്നും താരം പറഞ്ഞു. താരമായതിന് ശേഷം അച്ഛന്റെ ഫോട്ടോ നോക്കി ഒരുപാട് ചീത്തവിളിച്ചിട്ടുണ്ടെന്നും തന്റെ നല്ല സമയത്ത് എങ്ങോട്ടേക്കാണ് പോയതെന്ന് ചോദിച്ചിട്ടുണ്ടെന്നും സേതുപതി പറഞ്ഞു. 

'വിജയ് ഗുരുനാഥ സേതുപതി. അതാണെന്റെ പേര്. എന്റെ അപ്പ എനിക്കു ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. ജീവിതത്തില്‍ എന്റെ മാസ്റ്റര്‍ എന്റെ അപ്പയാണ്. സമ്പാദിക്കുന്ന പണവും നേടിയ അറിവും മുഴുവനായി മക്കള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ അച്ഛനാകും. മക്കള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങള്‍ മക്കളോട് ഒരു അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു കാലത്ത്, പറഞ്ഞ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. ആ അറിവ് അവര്‍ക്കുണ്ട്. എന്റെ അപ്പയും ആ അറിവ് എനിക്ക് ഒരുപാടു പകര്‍ന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ്, ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.' 

'അപ്പയുടെ ഫോട്ടോ നോക്കി ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ട്... വഴക്കിട്ടുണ്ട്. ഒരിക്കല്‍ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു. ഞാന്‍ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയത്,' എന്നൊക്കെ പറഞ്ഞ് കുറെ ഇമോഷണല്‍ ആയി. അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റര്‍!' ജീവിതത്തില്‍ ആരാണ് മാസ്റ്റര്‍ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം വാചാലനായത്. 

ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതിയെ പുകഴ്ത്തിക്കൊണ്ട് വിജയ് സംസാരിച്ചിരുന്നു. കൂടാതെ സ്റ്റേജില്‍ നിന്ന് ഇറങ്ങിവന്ന് സേതുപതിയെ ചുംബിക്കാനും മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com