'എത്ര പ്രവചനാത്മകമായിരുന്നു വയലാറിന്റെ വരികൾ, മനുഷ്യന്റെ പോരാട്ടത്തിൽ എല്ലാ വിശ്വാസങ്ങളും ഇ‌‌ടിഞ്ഞുവീണു'

നിലനിൽപ്പിനായുള്ള മനുഷ്യന്റെ പോരാട്ടത്തിൽഎല്ലാ തത്വശാസ്ത്രങ്ങളും വിശ്വാസ പ്രണാമങ്ങളും അപ്രസക്തമാകുകയാണെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു
'എത്ര പ്രവചനാത്മകമായിരുന്നു വയലാറിന്റെ വരികൾ, മനുഷ്യന്റെ പോരാട്ടത്തിൽ എല്ലാ വിശ്വാസങ്ങളും ഇ‌‌ടിഞ്ഞുവീണു'

'ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ ഇടിഞ്ഞുവീഴുന്നു, കാറ്റിൽ ഇടിഞ്ഞുവീഴുന്നു'- വയലാർ ​ഗാനരചന നിർവഹിച്ച 'പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ ?' എന്ന ​ഗാനത്തിലെ വരികളാണിത്. കൊറോണ ഭീതിയിൽ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം അപ്രസക്തമാകുന്ന ദുരന്തകാലത്ത് ​ഈ വരികൾ നമ്മെ അത്ഭുത്തിലാക്കും എന്നാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രവി മേനോൻ പറയുന്നത്. എത്ര പ്രവചനാത്മകമായിരുന്നു വയലാറിന്റെ വരികൾ.  നിലനിൽപ്പിനായുള്ള മനുഷ്യന്റെ പോരാട്ടത്തിൽഎല്ലാ തത്വശാസ്ത്രങ്ങളും വിശ്വാസ പ്രണാമങ്ങളും അപ്രസക്തമാകുകയാണെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. വയലാറിന്റെ വരികൾക്ക് സം​ഗീതം നൽകിയത് ദേവരാജൻ മാസ്റ്ററാണ്. യേശുദാസ് ​ആലപിച്ചപ്പോൾ നടൻ സത്യനാണ് ​ഗാനത്തിൽ. 

രവി മേനോന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

വയലാർ അന്നേ ചോദിച്ചു: പ്രവാചകന്മാരേ
പറയൂ പ്രഭാതമകലെയാണോ ?
-----------------
മഹാനടനായ സത്യന്റെ മുഖമാണ് സ്‌ക്രീനിൽ. പശ്ചാത്തലത്തിൽ യേശുദാസിന്റെ ഗന്ധർവ നാദം: ``പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ.. '' വേദനയും നിരാശയും ആത്മനിന്ദയുമെല്ലാം നിഴലിക്കുന്ന ആ പരുക്കൻ മുഖത്തിന്റെ ക്ളോസപ്പ് ഷോട്ടിൽ നിന്ന് മെല്ലി ഇറാനിയുടെ ക്യാമറ നേരെ പ്രകൃതിയിലേക്കും പിന്നെ പഴയ കൊച്ചിയുടെ നഗരക്കാഴ്ചകളിലേക്കും. ജൂബ തെറുത്തുവെച്ച് കൈവീശി, നെഞ്ചുവിരിച്ച് റോഡരികിലൂടെ നടന്നുവരുകയാണ് സത്യൻ.

വയലാറിന്റെ വരികളിലൂടെ, ദേവരാജന്റെ ഈണത്തിലൂടെ യേശുദാസ് ഒഴുകിക്കൊണ്ടേയിരിക്കുന്നു: ``ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ ഇടിഞ്ഞുവീഴുന്നു, കാറ്റിൽ ഇടിഞ്ഞുവീഴുന്നു; ഈ വഴിത്താരയിൽ ആലംബമില്ലാതെ ഈശ്വരൻ നിൽക്കുന്നു, ധർമ്മനീതികൾ താടി വളർത്തി തപസ്സിരിക്കുന്നു...''

എത്ര പ്രവചനാത്മകമായിരുന്നു വയലാറിന്റെ വരികൾ എന്ന് ഈ ദുരന്തകാലത്തു നിന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതപ്പെട്ടുപോകുന്നു നാം. ``ഭാവിചരിത്രം തിരുത്തിയെഴുതും ഭാരതയുദ്ധഭൂവിൽ, ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞുവീഴുന്നു; ഈ കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു; തത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തിയെരിയുന്നു...'' ശരിയല്ലേ? എല്ലാ തത്വശാസ്ത്രങ്ങളും വിശ്വാസ പ്രണാമങ്ങളും അപ്രസക്തമാകുന്നു നിലനിൽപ്പിനായുള്ള മനുഷ്യന്റെ പോരാട്ടത്തിൽ.

``അനുഭവങ്ങൾ പാളിച്ചകളി''ലെ ഇനിയും കണ്ടു മതിവന്നിട്ടില്ലാത്ത ഒരു ഗാനരംഗം. ഗാനത്തിന്റെ ശിൽപ്പികളിലൊരാളായ ദേവരാജൻ മാസ്റ്റർക്കൊപ്പമിരുന്ന് അത് ടെലിവിഷനിൽ കാണാനുള്ള അപൂർവ ഭാഗ്യമുണ്ടായിട്ടുണ്ട് ഒരിക്കൽ. കൊല്ലം ഗസ്റ്റ് ഹൗസിലെ മുറിയിൽ നിശബ്ദനായി ആ രംഗം കണ്ടുകിടക്കേ ആത്മഗതം പോലെ മാസ്റ്റർ പറഞ്ഞു: ``എന്തൊരു നടനായിരുന്നു സത്യൻ.'' പിന്നെ സ്ക്രീനിലേക്ക് വിരൽ ചൂണ്ടി ഇത്രകൂടി: ``എന്റെ പാട്ടുകളിൽ ഏറ്റവും നന്നായി ചിത്രീകരിച്ചിട്ടുള്ള ഒരു പാട്ട്. സേതുമാധവന്റെയും മെല്ലി ഇറാനിയുടെയും കഴിവാണത്. രണ്ടുപേരും സംഗീതത്തോട് സ്നേഹമുള്ളവർ. വയലാറിനും വലിയ ഇഷ്ടമായിരുന്നു ഇതിന്റെ ചിത്രീകരണം..''

പതിനഞ്ചു വർഷത്തിനിപ്പുറം ആ അനുഭവം ഓർത്തെടുത്തു വിവരിച്ചപ്പോൾ വികാരഭരിതനായി കെ എസ് സേതുമാധവൻ. ``ആ രംഗങ്ങളൊക്കെ കാണുമ്പോൾ ഒരുപാട് ഓർമ്മകൾ വന്ന് മനസ്സിനെ മൂടും. വയലാർ, ദേവരാജൻ, സത്യൻ -- ഇവരുടെയൊക്കെ ഒളിമങ്ങാത്ത ഓർമ്മകൾ. മരിച്ചുകൊണ്ടിരിക്കുന്ന സത്യനെയാണ് നിങ്ങൾ ആ സീനിൽ കാണുക. അറുപതു ശതമാനം അദ്ദേഹം മരിച്ചുകഴിഞ്ഞു. ആ സത്യം അദ്ദേഹത്തിന് അറിയാം. പക്ഷേ മറ്റുള്ളവരാരും അതറിയരുതെന്ന് നിർബന്ധമുണ്ട്. അതുപോലൊരു മഹാനടനെ, മനുഷ്യനെ എങ്ങനെ മറക്കാനാകും നമുക്ക്?''

``അവസാന നാളുകളിൽ മരണം മുന്നിൽ കണ്ടുകൊണ്ടുതന്നെ സത്യൻ തന്മയത്വത്തോടെ അഭിനയിച്ചുതീർത്ത പല ഗാനരംഗങ്ങളും ഇന്ന് കാണുമ്പോൾ അത്ഭുതം തോന്നും; തെല്ലൊരു വിഷമവും.''-- സേതുമാധവൻ പറയുന്നു. ``അനുഭവങ്ങൾ പാളിച്ചകളിലെ സത്യന്റെ അഭിനയം കണ്ട് `ഐ ഹാവ് സീൻ എ മാൻ ഓൺ ദി സ്ക്രീൻ' എന്ന് അനുഗൃഹീത നടൻ ഉത്പൽ ദത്ത് എഴുതിയത് വെറുതെയല്ല. അതായിരുന്നു യഥാർത്ഥ സത്യൻ. ചലനമറ്റ ആ ശരീരത്തിന് അടുത്തു നിൽക്കുമ്പോൾ എന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്ന വേദനയുടെ ആഴം ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല. എല്ലാം തകർന്ന അവസ്ഥയിലായിരുന്നു ഞാൻ. ജീവിതത്തിന്റെ ഒരു ഭാഗം അടർന്നു പോയ പോലെ. എല്ലാം കഴിഞ്ഞില്ലേ, ഇനിയെന്ത് എന്ന് ആരോ മനസ്സിലിരുന്ന് മന്ത്രിക്കുന്നു.'' സേതുമാധവന്റെ വാക്കുകളിൽ നേർത്ത ഗദ്ഗദം. അനുഭവങ്ങൾ പാളിച്ചകളിലെ ക്ളൈമാക്സ് രംഗത്തിനു വേണ്ടി ``അഗ്നിപർവതം പുകഞ്ഞു ഭൂചക്രവാളങ്ങൾ ചുവന്നു, മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നൂ' എന്നെഴുതുമ്പോൾ വയലാർ ചിന്തിച്ചുകാണില്ല തന്റെ വാക്കുകൾക്ക് അറം പറ്റുമെന്ന്. ആ രംഗം ചിത്രീകരിക്കുമ്പോഴേക്കും മൃത്യു വന്നു കൂട്ടിക്കൊണ്ടുപോയിരുന്നു സത്യനെ.

--രവിമേനോൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com