'35 വർഷത്തെ ചങ്ങാത്തം, അച്ഛൻ കാണിച്ചുതന്ന വഴിയിലൂടെ ഒറ്റയ്ക്ക് തോണി തുഴയാൻ എന്റെ മക്കൾക്കാവട്ടെ'

ലോകം മുഴുവൻ ഇത് വ്യക്തിപരമായ നഷ്ടമായി കണക്കാക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇതൊരു കുടുംബപ്രസ്താവനയായി എഴുതുക?
'35 വർഷത്തെ ചങ്ങാത്തം, അച്ഛൻ കാണിച്ചുതന്ന വഴിയിലൂടെ ഒറ്റയ്ക്ക് തോണി തുഴയാൻ എന്റെ മക്കൾക്കാവട്ടെ'

ലോക്ക്ഡൗൺ സിനിമപ്രേമികൾക്ക് തന്ന ഏറ്റവും വലിയ നഷ്ടമാണ് ഇർഫാൻ ഖാന്റെ വിയോ​ഗം. അഭിനയിച്ചു തീർക്കാൻ ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചുകൊണ്ടുള്ള ഓരോ കുറിപ്പുകളും അദ്ദേഹത്തിന്റെ സിനിമയോടും കഥാപാത്രങ്ങളോടുമുള്ള സ്നേഹം തന്നെയായിരുന്നു.  ഇപ്പോൽ ഇർഫാന്റെ വിയോ​ഗത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിച്ചുകൊണ്‌ കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇർഫാന്റെ കുടുംബം. മാന്ത്രികതയെ വിശ്വസിക്കുന്ന അദ്ദേഹം ബാക്കിവെച്ചുപോയവയെക്കുറിച്ചാണ് കുടുംബം പറയുന്നത്. കാൻസർ സ്ഥിരീകരിച്ചതിനു ശേഷമുള്ള ഇർഫാന്റെ ജീവിത യാത്രയെക്കുറിച്ചും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരോടുള്ള നന്ദിയും കുറിപ്പിൽ പറയുന്നുണ്ട്. ഭാര്യ സുദപയും മക്കളായ ബാബിൽ, അയാൻ എന്നിവർ ചേർന്നാണ് കുറിപ്പ് ഇറക്കിയത്. 

കുറിപ്പ് വായിക്കാം 


ലോകം മുഴുവൻ ഇത് വ്യക്തിപരമായ നഷ്ടമായി കണക്കാക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇതൊരു കുടുംബപ്രസ്താവനയായി എഴുതുക? ലക്ഷക്കണക്കിന് പേർ ഞങ്ങള്‍ക്കൊപ്പം ദു:ഖിക്കുമ്പോള്‍ എനിക്കെങ്ങനെ ഒറ്റപ്പെടല്‍ അനുഭവപ്പെടുക? ഇതൊരു നഷ്ടമല്ല നേട്ടമാണ് എന്നാണ്  എല്ലാവരോടും എനിക്ക് പറയാനുള്ളത്. അദ്ദേഹം ഞങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ കൊണ്ടുള്ള നേട്ടം. ഞങ്ങള്‍ക്ക് അവ പ്രാവര്‍ത്തികമാക്കാനും വികസിപ്പിക്കാനുമുള്ള സമയം ഇതാണ്. മറ്റുള്ളവര്‍ക്ക് അറിയാത്ത ചില കാര്യങ്ങൾ എനിക്ക് കൂട്ടിച്ചേർക്കാനുമുണ്ട്. 

ഞങ്ങൾക്ക് ഇത് അവിശ്വസനീയമായിരുന്നു എന്നാൽ ഇതിനെ ഇര്‍ഫാന്‍റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാൽ 'മാന്ത്രികമായ' ഒന്ന്. അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതായിരുന്നു അദ്ദേഹത്തിന് പ്രിയം. ഏകമാനമായ യാഥാര്‍ഥ്യത്തെ ഒരിക്കലും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എനിക്ക് അദ്ദേഹത്തിനോട് ദേഷ്യം തോന്നിയിട്ടുള്ള ഒരേയൊരു കാര്യമാണിത്. അതിനുവേണ്ടി എന്‍റെ ജീവിതവും വഷളാക്കി. പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. അതിനാൽ ഒരു കാര്യത്തിലും ഞാൻ സാധാരണമാകാൻ സമ്മതിച്ചില്ല. എന്തിലും അദ്ദേഹം താളം കണ്ടെത്തുമായിരുന്നു.  അപസ്വരങ്ങളിലും ബഹളങ്ങളിലും പോലും. അതിനാല്‍ ആ താളത്തിനൊപ്പിച്ച് പാടാനും നൃത്തം ചെയ്യാനും ഞാന്‍ പഠിച്ചു. തമാശയ്ക്കുപറഞ്ഞാല്‍, ഞങ്ങളുടെ ജീവിതം അഭിനയത്തിലെ ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു. അതിനാല്‍ ക്ഷണിക്കപ്പെടാത്ത അതിഥികളുടെ നാടകീയമായ കടന്നുവരവ് സംഭവിച്ചപ്പോഴേക്കും, ആ അപസ്വരത്തിലും ഒരു ലയം കണ്ടെത്താന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞിരുന്നു.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണത കൈവരുത്താനുള്ള തിരക്കഥകള്‍ പോലെയായിരുന്നു എനിക്ക്. അതിനാല്‍ ഒരു വിശദാംശവും ഞാന്‍ വിട്ടുകളഞ്ഞില്ല, സ്വന്തം പ്രകടനങ്ങളില്‍ അദ്ദേഹം കാംക്ഷിക്കാറുളളതുപോലെ. ഈ യാത്രയ്ക്കിടെ ഒരുപാട് നല്ല മനുഷ്യരെ ഞങ്ങള്‍ കണ്ടുമുട്ടി. അവസാനിക്കാത്ത പട്ടികയാണ് അത്. പക്ഷേ ചില പേരുകള്‍ പരാമര്‍ശിക്കാതിരിക്കാനാവില്ല. തുടക്കം മുതലേ ഞങ്ങളുടെ കൈപിടിച്ച ഞങ്ങളുടെ ഓങ്കോളജിസ്റ്റ് ഡോ: നിതേഷ് രോഹ്തോഗി, ഡോ: ഡാന്‍ ക്രെല്‍ (യുകെ), ഡോ: ഷിദ്രാവി (യുകെ), ഇരുട്ടില്‍ എന്‍റെ ഹൃദയമിടിപ്പും വിളക്കുമായിരുന്ന ഡോ: സേവാന്തി ലിമായെ. എത്ര മനോഹരവും സുന്ദരവും അഗാധവും വേദനാജനകവും ആവേശകരവുമായിരുന്നു ഈ യാത്രയെന്ന് വിശദീകരിക്കാന്‍ പ്രയാസമാണ്. 

കഴിഞ്ഞ രണ്ടര വര്‍ഷം അതില്‍നിന്നുള്ള ഇടവേള പോലെയാണ് എനിക്ക് തോന്നിയത്. അതിന് അതിന്‍റേതായ തുടക്കവും മധ്യവും ഒടുക്കവുമുണ്ടായിരുന്നു. ഞങ്ങളുടെ 35 വര്‍ഷത്തെ ചങ്ങാത്തത്തില്‍നിന്നു വിട്ട് ഒരു ഓര്‍ക്കസ്ട്ര കണ്ടക്ടറുടെ വേഷത്തിലായിരുന്നു ഇര്‍ഫാന്‍ അപ്പോള്‍. ഞങ്ങളുടേത് ഒരു വിവാഹമായിരുന്നില്ല, മറിച്ച് ഒരു കൂടിച്ചേരലായിരുന്നു. തോണിയാത്രക്കാരായാണ് എന്‍റെ ചെറിയ കുടുംബത്തെ ഞാന്‍ കണ്ടിരുന്നത്. എന്‍റെ രണ്ട് മക്കളും, ബാബിലും അയാനും തോണി തുഴയുന്നു, ഇര്‍ഫാന്‍ അവര്‍ക്ക് വഴികാട്ടുന്നു. പക്ഷേ ജീവിതം, സിനിമയല്ലാത്തതുകൊണ്ടുതന്നെ ഇവിടെ റീടേക്കുകളില്ല. അച്ഛന്‍റെ മാര്‍ഗ്ഗദീപത്താല്‍ എന്‍റെ കുട്ടികള്‍ക്ക് സുരക്ഷിതരായി ഈ തോണി തുഴയാനാവട്ടെയെന്ന് ആത്മാര്‍ഥമായും ഞാന്‍ ആഗ്രഹിക്കുന്നു.  എന്‍റെ കുട്ടികളോട് ഞാന്‍ ആവശ്യപ്പെട്ടു, അവരുടെ അച്ഛന്‍ പഠിപ്പിച്ചതും അവര്‍ പ്രധാനമായി കരുതുന്നതുമായ ഒന്ന് ചുരുക്കി പറയാന്‍. 

ബാബില്‍: അനിശ്ചിതത്വത്തിന്‍റെ നൃത്തത്തിനു മുന്നില്‍ കീഴടങ്ങാന്‍ പഠിക്കുക. പ്രപഞ്ചത്തിലുള്ള നിങ്ങളുടെ വിശ്വാസം കൈവിടാതിരിക്കുക.

അയാന്‍: മനസിനെ നിയന്ത്രിക്കാന്‍ പഠിക്കുക, നിങ്ങളെ നിയന്ത്രിക്കാന്‍ മനസിലെ അനുവദിക്കാതിരിക്കുക.

വിജയകരമായ ഒരു യാത്രയ്ക്കു ശേഷം അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിച്ച സ്ഥലത്ത് അദ്ദേഹത്തിന് പ്രിയങ്കരമായ പാരിജാതത്തൈ നടുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും. സമയമെടുക്കുമെങ്കിലും അത് പൂക്കും. ആരാധകരല്ല, വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്കും കുടുംബമെന്ന് ഞാന്‍ കരുതുന്ന മനുഷ്യരുടെ ആത്മാവിലേക്ക് ആ സുഗന്ധമെത്തും. അത് അവരെ തൊടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com