'ഞാൻ ബിജെപിയുമല്ല സംഘിയുമല്ല, എന്റെ ആശയങ്ങളെ വളച്ചൊടിച്ചു': ക്ഷമ ചോദിച്ച് ​ഗോകുൽ സുരേഷ് 

തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്നും ഇതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും ഗോകുൽ
'ഞാൻ ബിജെപിയുമല്ല സംഘിയുമല്ല, എന്റെ ആശയങ്ങളെ വളച്ചൊടിച്ചു': ക്ഷമ ചോദിച്ച് ​ഗോകുൽ സുരേഷ് 

ഗുരുവായൂർ ദേവസ്വം ബോർഡ്, കോവിഡ് ദുരിതാശ്വാസത്തിന് അഞ്ച് കോടി രൂപ സംഭാവന നൽകിയ വാർത്തയിൽ നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി നടൻ ​ഗോകുൽ സുരേഷ്. തന്റെ ആശയങ്ങളെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നും തന്റെ വാക്കുകൾ ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ​ഗോകുൽ പറഞ്ഞു. 

സർക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനെന്നായിരുന്നു ഗോകുലിന്റെ ചോദ്യം. ‘അമ്പലമാണെങ്കിലും ക്രിസ്ത്യൻ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യൻ പള്ളിയിൽ നിന്നോ, മുസ്‌ലിം പള്ളിയിൽ നിന്നോ അവർ (ഗവൺമെന്റ്), എടുത്തിരുന്നോ എന്നായിരുന്നു താരത്തിന്റെ ചോദ്യം.  തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്നും ഇതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും ഗോകുൽ പറയുന്നു.

വിശദീകരണ കുറിപ്പിന്റെ പൂർണരൂപം

വർഗീയ ലഹളകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവർത്തനം. ഇവ പ്രസിദ്ധികരിച്ച ആളുകളോട്, നിങ്ങൾ സ്വന്തം ധർമത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങൾക്ക് തോന്നും വിധം ആവിഷ്കരണം ചെയ്യാൻ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.

ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകൾക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ കുറിച്ചതിന്റെ കാതൽ. ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്. ഇതിന്റെ പേരിൽ എനിക്കെതിരെ വന്ന കമെന്റുകളിൽ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകൾ) നിന്ന് തന്നെ മനസിലാകും പലർക്കും പദാവലിയിൽ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളിൽ എന്റെ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാൻ BJPയുമല്ല സങ്കിയുമല്ല എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്.

കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ കഴിയും വിധം വ്യക്തിപരമായി പലർക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാൻ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങൾ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com