'കൊറോണയെങ്കിൽ കൊറോണ, അത് പടരട്ടെ! അങ്ങനെ പെരുമാറുന്ന  മനുഷ്യരെ പോലെയല്ല'; ശശി തരൂരിനെ പ്രശംസിച്ച് മാല പാർവതി

'ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവർ, കോൺഗ്രസ്സിൻ്റെ നേതൃത്വം ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു'
'കൊറോണയെങ്കിൽ കൊറോണ, അത് പടരട്ടെ! അങ്ങനെ പെരുമാറുന്ന  മനുഷ്യരെ പോലെയല്ല'; ശശി തരൂരിനെ പ്രശംസിച്ച് മാല പാർവതി

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം എംപി ശശി തരൂർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് നടി മാല പാർവതി. രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്ന് താങ്കൾ വേറിട്ട് നിൽക്കുന്നുവെന്നാണ് മാല പാർവതി ഫേയ്സ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയ പകപോക്കലല്ല വേണ്ടത്, എന്ന തിരിച്ചറിവോടെ, നല്ലതിനെ നല്ലതെന്ന് പറഞ്ഞ്, തെറ്റിനെ തെറ്റ് എന്നും ചൂണ്ടി കാട്ടി താങ്കൾ ചെയ്യുന്ന പ്രവർത്തനം മാതൃകാപരമാണെന്നാണ് താരം കുറിക്കുന്നത്. കോൺ​ഗ്രസിന്റെ നേതൃത്വത്തിലേക്ക് താങ്കളെ പോലുള്ളവർ ഉണ്ടാകണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും മാല പാർവതി കൂട്ടിച്ചേർത്തു. നേരത്തെ ആരോ​ഗ്യമന്ത്രി ശൈലജയും ശശി തരൂരിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആരോ​ഗ്യമന്ത്രിയെക്കുറിച്ചുള്ള ഒരു ലേഖനം അന്താരാഷ്ട്ര മാധ്യമമായ ദി ​ഗാർഡിയൻ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് വൈറലായി. അതിനു പിന്നാലെ നിരവധിപേരാണ് ശശി തരൂരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.

മാല പാർവതിയുടെ കുറിപ്പ് വായിക്കാം

തിരുവനന്തപുരം MP യായ ശശി തരൂർ..! അഭിമാനമാണ് താങ്കൾ! രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്ന് താങ്കൾ വേറിട്ട് നിൽക്കുന്നു. കൊറോണയെ തോല്പിച്ചില്ലെങ്കിൽ, അത് മനുഷ്യൻ്റെ നാശമാണെന്ന കരുതൽ, താങ്കളുടെ ഓരോ പ്രവർത്തിയിലുമുണ്ട്. പിണറായി സർക്കാരിൻ്റെ പരാജയമെന്ന് വിളിച്ച് പറയാൻ, കൊറോണയെങ്കിൽ കൊറോണ, അത് പടരട്ടെ.. എന്ന പോലെ പെരുമാറുന്ന, മനുഷ്യരെ പോലെയല്ല. രാഷ്ട്രീയ പകപോക്കലല്ല വേണ്ടത്, എന്ന തിരിച്ചറിവോടെ, നല്ലതിനെ നല്ലതെന്ന് പറഞ്ഞ്.. തെറ്റിനെ തെറ്റ് എന്നും ചൂണ്ടി കാട്ടി താങ്കൾ ചെയ്യുന്ന പ്രവർത്തനം മാതൃകാപരമാണ്. കോൺഗ്രസ് നേതൃത്വത്തിൽ താങ്കളെ പോലുള്ളവർ ഉണ്ടാകണം എന്നാഗ്രഹിച്ചു പോകുന്നു. ഇന്ത്യയ്ക്കത് അത്യാവശ്യമാണ്.

ഹിന്ദു രാഷ്ട്രമാക്കാനായി വന്നവരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. കാര്യങ്ങൾ കറക്ട് ആയി നടത്തി കൊണ്ടു പോവുകയുമായിരുന്നു. അപ്പോഴാണ് കോവിഡ് വന്നത്.ഭരിക്കണം, പട്ടിണി മാറ്റണം, രാജ്യം വീഴാതെ നോക്കണം എന്ന പല കാര്യങ്ങളുണ്ടെന്ന്, കേന്ദ്ര സർക്കാർ ഞെട്ടലോടെ, ഇപ്പോൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.പക്ഷേ എന്ത് ചെയ്യണമെന്നറിയില്ല. രണ്ട് മാസം രാജ്യത്തെ അടച്ചിട്ടാൽ, കൊറോണ കാലം കഴിയുമെന്നാണെന്ന് തോനുന്നു അവർ കരുതിയത്. എല്ലാം ശരിയാകുമെന്നും,വീണ്ടും എല്ലാം പഴയ പോലെ എല്ലാം ഓടിക്കോളുമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ...! പെട്ട് പോയ മട്ടാണ്. ആർക്കും ഒരു പിടിയില്ല. മോട്ടിവേഷണൽ ജ്യൂസ് ഹിന്ദിയിൽ ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നുണ്ട്. പക്ഷേ മനുഷ്യർക്ക് വിശപ്പ് മാറുന്നില്ല. രാജ്യം മുഴുവൻ ആശങ്കയിലാകുന്നു. മുസ്ലീങ്ങളാണ്, പാക്കിസ്ഥാനാണ് എന്നൊക്കെ പറയാമെന്ന് മാത്രം. വിശപ്പ് കടുക്കുമ്പോൾ അവരത് മറന്ന് വീണ്ടും..ഭുക്ക് ഭുക്ക് എന്ന് പറയുമെന്ന തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്.
സംസ്കൃത പേരുകൾ ഉപയോഗിച്ചുള്ള പദ്ധതികളുണ്ട്. എന്താണത് എന്ന് പല ബുദ്ധിയുള്ളവരോടും ചോദിച്ചു. വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. നമ്മുടെ കൈയ്യിലെ സ്വർണ്ണം അങ്ങോട്ട് കൊടുക്കണമെന്ന് ഒരാൾ പറഞ്ഞു!

നല്ല നേതാക്കൾ വേണം, ഭരണം വേണം, നേതൃത്വം വേണം. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ആവശ്യമാണ്. ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവർ, കോൺഗ്രസ്സിൻ്റെ നേതൃത്വം ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com