താരവിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാൾ ; ആശംസാപ്രവാഹം; മലയാളത്തിന്റെ അസാമാന്യ പ്രതിഭയെന്ന് മുഖ്യമന്ത്രി

ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്
താരവിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാൾ ; ആശംസാപ്രവാഹം; മലയാളത്തിന്റെ അസാമാന്യ പ്രതിഭയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :  മലയാളത്തിന്റെ താരവിസ്മയം മോഹൻലാൽ അറുപതിന്റെ നിറവിൽ. സൂപ്പർതാരത്തിന് 60-ാം പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാലോകവും ആരാധകരും അടക്കം കേരളസമൂഹം. കേരളീയ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച താരത്തിന്റെ പിറന്നാൾ, മഹാമാരിക്കാലത്തും ഓരോ മലയാളിവീട്ടകങ്ങളിലെ ആഘോഷംകൂടിയാണ്.

1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ ജനിച്ച മോഹൻലാൽ പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആദ്യസിനിമ തിരനോട്ടം പിറന്നത് പതിനെട്ടാം വയസ്സിൽ. നവോദയയുടെ "മഞ്ഞിൽവിരിഞ്ഞപൂക്കളി'(1980)ലെ വില്ലൻ ക്രമേണ നായകനായി. പിന്നീടങ്ങോട്ട് നാലുദശാബ്ദമായി മലയാള സിനിമാലോകത്തെ അവിഭാജ്യഘടകമാണ് മോഹൻലാൽ.

മമ്മൂട്ടിക്കും കമൽഹാസനുമൊപ്പം ലാൽ
മമ്മൂട്ടിക്കും കമൽഹാസനുമൊപ്പം ലാൽ

മോഹൻലാൽ മലയാളത്തിന്റെ അസാമാന്യ പ്രതിഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.

ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ അദ്ദേഹം തയ്യാറായി. നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നുവെന്ന് മുഖ്യമന്ത്രി ആശംസാസന്ദേശത്തിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com