തിയറ്ററിൽ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ ഒടിടി റിലീസിന്. ഡിസംബർ 17 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. തിയറ്ററിൽ എത്തി 15ാം ദിവസമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോൺ പ്രൈം തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
തിയറ്ററിലെത്തി 15ാം ദിവസം ഒടിടിയിൽ
ഡിസംബർ രണ്ടിനാണ് മരക്കാർ തിയറ്ററിൽ എത്തുന്നത്. തുടക്കത്തിൽ ചിത്രത്തിന് മോശം റിപ്പോർട്ടുകൾ വന്നത് തിരിച്ചടിയായെങ്കിലും പിന്നീട് മികച്ച മുന്നേറ്റം നടത്തുകയായിരുന്നു. ഏറെ ചർച്ചകൾക്ക് ഒടുവിലാണ് ചിത്രം ഒടിടി റിലീസ് മാറ്റി തിയറ്റർ റിലീസ് പ്രഖ്യാപിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞാൽ ഒടിടി റിലീസുണ്ടാകുമെന്ന് നേരത്തെ തന്നെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു.
റിലീസിന് മുന്നേ വലിയ സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രീ ബുക്കിങ്ങിലൂടെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ റിലീസിനെത്തിയത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക