'എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു', മോഹൻലാലിന് നന്ദി പറഞ്ഞ് റഹ്മാൻ

ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകളിലൂടെ കടന്നുപോകുന്ന സമയത്ത് ഒരു വല്യേട്ടനെ പോലെ ധൈര്യം പകർന്നുകൊണ്ട് മോഹൻലാൽ എത്തിയെന്നാണ് റഹ്മാൻ കുറിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയിലെ നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും വിവാഹത്തിന് എത്തിയിരുന്നു. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് താരം എത്തിയത്. ഇപ്പോൾ മോഹൻലാലിന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് റഹ്മാൻ. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകളിലൂടെ കടന്നുപോകുന്ന സമയത്ത് ഒരു വല്യേട്ടനെ പോലെ ധൈര്യം പകർന്നുകൊണ്ട് മോഹൻലാൽ എത്തിയെന്നാണ് റഹ്മാൻ കുറിക്കുന്നത്. മോഹൻലാലും സുചിത്രയും ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി- താരം പറയുന്നു. 

റഹ്മാന്റെ കുറിപ്പ് വായിക്കാം

എന്റെ പ്രിയപ്പെട്ട ലാലേട്ടന്...
ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന്  ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ.
കഴിഞ്ഞ വ്യാഴാഴ്ച എനിക്ക്  അത്തരമൊരു ദിവസമായിരുന്നു.
മകളുടെ വിവാഹം.
ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്...
ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ...
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം...
അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും ... എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് .... ആർടിപിസിആർ പരിശോധന നടത്തി...
ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി...
പ്രിയപ്പെട്ട ലാലേട്ടാ... സുചി...
നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല.
ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക?
സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല.
പക്ഷേ... ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല.
നന്ദി...ഒരായിരം നന്ദി...
സ്നേഹത്തോടെ,
റഹ്മാൻ, മെഹ്റുന്നിസ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com