ഓസ്കർ; നയൻതാരയുടെ പെബിൾസ് പുറത്ത്, റൈറ്റിങ് വിത്ത് ഫയർ അടുത്ത ഘട്ടത്തിലേക്ക്

ഡോക്യുമെന്ററി ഫീച്ചർ വിഭാ​ഗത്തിൽ റൈറ്റിങ് വിത്ത് ഫിയർ അടുത്ത ഘട്ടത്തിലേക്ക് കടന്നു
ഓസ്കർ; നയൻതാരയുടെ പെബിൾസ് പുറത്ത്, റൈറ്റിങ് വിത്ത് ഫയർ അടുത്ത ഘട്ടത്തിലേക്ക്

മുംബൈ; 94ാമത് ഓസ്കറിലെ ഫീച്ചർ ഫിലിം വിഭാ​ഗത്തിലെ ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായ പെബിൾസ് പുറത്തായി. ആദ്യ പതിനഞ്ചിലേക്കാണ് പെബിളിന് ഇടം നേടാൻ കഴിയാതിരുന്നത്. അതിനിടെ ഡോക്യുമെന്ററി ഫീച്ചർ വിഭാ​ഗത്തിൽ റൈറ്റിങ് വിത്ത് ഫിയർ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ചിത്രത്തിന്റെ സംവിധായിക റിന്റു തോമസാണ് സന്തോഷ വാർത്ത അറിയിച്ചത്. 

15 സിനിമകളുടെ ഷോർട്ട്ലിസ്റ്റിൽ

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസാണ് അടുത്ത ഘട്ടത്തിലേക്ക് കടന്ന സിനിമകളുടെ പട്ടിക പുറത്തുവിട്ടത്. 138 സിനിമകളിൽ നിന്നാണ് റൈറ്റിങ് വിത്ത് ഫയർ 15 സിനിമകളുടെ പട്ടികയിലേക്ക് ഇടം കണ്ടെത്തിയത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് റിന്റുവിന്റെ കുറിപ്പ്. സിനിമയുടെ അണിയറ പ്രവർത്തകർക്കും ഇന്ത്യൻ ഡോക്യുമെന്ററി കമ്യൂണിറ്റിക്കും അഭിമാന നിമിഷമാണെന്നാണ് റിന്റു കുറിച്ചത്. ദളിത് സ്ത്രീകൾ നടത്തുന്ന രാജ്യത്തെ ഏക ന്യൂസ് പെപ്പറായ ഖബർ ലഹാരിയയെക്കുറിച്ചാണ് റൈറ്റിങ് വിത്ത് ഫയർ പറയുന്നത്. 

ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി പുറത്ത്

ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായ തമിഴ് ചിത്രമായ പെബിൾ സംവിധാനം ചെയ്തിരിക്കുന്നത് നവാ​ഗതനായ വിനോദ് രാജാണ്. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമാണ് ചിത്രം നിര്‍മിച്ചത്. മദ്യപാനിയായ അച്ഛന്റെ ഉപദ്രവും സഹിക്കാനാവാതെ നാടുവിടുന്ന അമ്മയെ കണ്ടെത്തി തിരിച്ചുകൊണ്ടുവരാൻ ഒരു കുട്ടി ഇറങ്ങിപ്പുറപ്പെടുന്നതാണ് ചിത്രം പറയുന്നത്. 

മികച്ച സിനിമയാകാനുളള പോരാട്ടത്തിൽ 15 സിനിമകളാണ് ഇടംപിടിച്ചത്. ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാർ, ഡെൻമാർക്കിന്റെ ഫ്ലീ, ഇറാൻ ചിത്രമായ എ ഹീറോ, ഇറ്റലിയിൽ നിന്നുള്ള ദി ഹാൻഡ് ഓഫ് ​ഗോഡ് എന്നിവയാണ് ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ ആദ്യമുള്ളത്. ഇതു കൂടാതെ ഡോക്യുമെന്ററി ഷോർട്ട് സബ്ജറ്റ്, മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈൽ, മ്യൂസിക് (ഒറിജിനൽ സ്കോർ), മ്യൂസിക്(ഒറിജിനൽ സോങ്), അനിമേറ്റഡ് ഷോർട്ട് ഫിലിം, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, സൗണ്ട് ആൻഡ് വിഷ്വൽ ഇഫക്റ്റ് എന്നീ വിഭാ​ഗങ്ങളിലെ ഷോർട്ട്ലിസ്റ്റും പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് അവസാന നോമിനേഷൻ പ്രഖ്യാപിക്കുക. മാർച്ച് 27നാണ് അവാർഡ് ചടങ്ങുകൾ നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com